വിവാദപുസ്തകം പിന്‍വലിച്ച് നവാസുദ്ദീന്‍ സിദ്ദീഖി; നടിയോടും മുന്‍കാമുകിയോടും ക്ഷമാപണവും

ദില്ലി: സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണത്തില്‍ വിവാദത്തിലായ പുസ്തകം പിന്‍വലിച്ച് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖി.

പുസ്തകത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നെന്നും ആന്‍ ഓര്‍ഡിനറി ലൈഫ്: എ മൊമോയിര്‍ എന്ന ആത്മകഥ താന്‍ പിന്‍വലിക്കുകയാണെന്നും സിദ്ദീഖി ഫേസ്ബുക്കിലൂടെ അറിയിച്ചു.

പുസ്തകത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ താരത്തിനെതിരെ ദേശീയ വനിതാ കമിഷനില്‍ പരാതി ലഭിച്ചിരുന്നു. ദില്ലിയിലെ അഭിഭാഷകനായ ഗൗതം ഗുലാതിയാണ് പരാതി നല്‍കിയത്.

ആത്മകഥയില്‍ ചില നടിമാരുമായുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും 376, 497, 509 എന്നീ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ഗുലാതിയുടെ ആവശ്യം. പ്രശസ്തനാകുന്നതിനും പണം സമ്പാദിക്കാനുമായി സിദ്ദീഖി സ്ത്രീകളെ മുഴുവന്‍ അപമാനിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

പുസ്തകത്തിനെതിരെ സിദ്ദീഖിയുടെ മുന്‍കാമുകി നിഹാരിക സിംഗും സഹപാഠി സുനിത രാജ്വറും രംഗത്തെത്തിയിരുന്നു.

പുസ്തകത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ സിദ്ദീഖി നടത്തിയെന്നാണ് സുനിതയുടെ ആരോപണം. താനും സുനിതയും പ്രണയത്തിലായിരുന്നുവെന്നും പണക്കാരനല്ലാത്തതിനാല്‍ സുനിത തന്നെ ഒഴിവാക്കിയെന്നും സിദ്ദീഖി പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതിനെതിരെയാണ് സുനിത രംഗത്തുവന്നത്.

തന്നെക്കുറിച്ച് മോശം പരാമര്‍ശങ്ങളാണ് സിദ്ദീഖി പുസ്തകത്തില്‍ പ്രയോഗിച്ചിരിക്കുന്നതെന്ന് നിഹാരിക ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here