കെഎംഎംഎല്‍ അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: ചവറ കെ.എം.എം.എല്‍ എം.എസ് പ്ലാന്റിന് സമീപം നടപ്പാലം തകര്‍ന്ന് മരിച്ച കൊല്ലക വടക്കുംതല കൈരളിയില്‍ ശ്യാമളാദേവി അമ്മ, മേക്കാട് ഫിലോമിനാ മന്ദിരത്തില്‍ ആഞ്ജല ക്രിസ്റ്റഫര്‍, മേക്കാട് ജി.ജി. വിന്‍ വില്ലയില്‍ ആര്‍. അന്നമ്മ എന്നിവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം മന്ത്രി പറഞ്ഞത്. അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. തകര്‍ന്ന പാലത്തിന് പകരം പുതിയത് പണിയും. ഇതിനായുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

ആഞ്ജല ക്രിസ്റ്റഫര്‍, ആര്‍. അന്നമ്മ എന്നിവരുടെ മൃതശരീരങ്ങള്‍ അഗ്‌നിശമനസേനയുടെ മുങ്ങല്‍ വിദഗ്ധരും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ രക്ഷാസേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.

അപകടത്തില്‍ പരിക്കേറ്റ് കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരെ മന്ത്രി സന്ദര്‍ശിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍, മുന്‍ എം.പി. കെ.എന്‍. ബാലഗോപാല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപിള്ള തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News