കെ ജി അനിതയ്ക്ക് പകരം സരോജിനി കെ പി സി സി പട്ടികയില്‍ ഇടം പിടിച്ചത്പന്തളം ബ്ലോക്ക് വ‍ഴി; പരസ്യ പ്രതിഷേധം ശക്തമാകുന്നു

പത്തനംതിട്ട; പൊളിച്ചടുക്കും കെട്ടിയിറക്കലുമായി പത്തനംതിട്ടയിൽ നിന്നുള്ള കെ പി സി സി പട്ടിക.  ഡിസിസി പ്രസിഡന്റിന്റെ വലംകൈ കെ. ജി അനിത പട്ടികയിൽ നിന്നും പുറത്തായപ്പോൾ കൊല്ലംകാരി സരോജിനിയെ പന്തളം ബ്ലോക്കുവഴിയാണ് കെ പി സി സി പട്ടികയിൽ ഉൾപ്പെടുത്തിയത്.

മാലേത്ത് സരളാ ദേവിയെ തിരുവല്ലയിലും സതീഷ് കൊച്ചുപറമ്പലിനെ റാന്നിയിലും മോഹന്‍ രാജിനെ മല്ലപ്പള്ളിയിലും പി ജെ കുര്യനെ എഴുമറ്റൂരിലുമായിരുന്നു ഡിസിസി നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവരുടെയൊക്കെ ബ്ലോക്കുകള്‍ പലതും മാറിയുള്ള അന്തിമ ലിസ്റ്റാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്.

അന്തിമ ലിസ്റ്റില്‍ ഇടം നേടാന്‍ പറ്റിയില്ല

ഡിസിസി പ്രസിഡന്റിന്റെ വലംകൈയായ ജില്ലാ പഞ്ചായത്തംഗം കെ.ജി അനിതയ്ക്ക് അന്തിമ ലിസ്റ്റില്‍ ഇടം നേടാന്‍ പറ്റിയില്ല എന്നു മാത്രമല്ല കൊടിക്കുന്നിലിന്റെ വലംകൈയും കൊല്ലത്തു നിന്നുള്ള വനിതാ പ്രാതിനിധ്യവുമായ സരോജിനിയെ പന്തളം ബ്ലോക്കുവഴി കെട്ടിയിറക്കുകയും ചെയ്തു.

നിലവില്‍ കെപിസിസി അംഗമായ എന്‍.ജി സുരേന്ദ്രന്‍ പട്ടികയില്‍ നിന്നും പുറത്താവുകയും ചെയ്തു. ജില്ലയിലെ പാര്‍ട്ടിയെ കെട്ടിപടുക്കാന്‍ മുന്നിട്ടിറങ്ങിയ പല നേതാക്കളെയും പ്രവര്‍ത്തകരെയും ഒഴിവാക്കി ഡിസിസി പ്രസിഡന്റിന്റെ വലംകൈയായ അനിതയെ ഡിസിസി നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധം നിലനിന്നിരുന്നു.

അതിനിടയിലാണ് ജില്ലയ്ക്ക് പുറത്ത് നിന്ന് മറ്റൊരു പ്രതിനിധിയെ കെട്ടിയിറക്കിയിരിക്കുന്നത്. ഇതൊന്നും അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടിക്ക് ഇത് ഒട്ടും ഗുണം ചെയ്യില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരും പരസ്യമായും രഹസ്യമായും പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here