അഡ്വ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ഉടനെന്ന് സൂചന

കൊച്ചി: ചാലക്കുടിയില്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ ഏഴാംപ്രതി ഉദയഭാനുവിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

എത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കേസന്വേഷണത്തെ ബാധിച്ചുവെന്നും അത്തരമൊരു ഉത്തരവ് പാടല്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

ഉദയഭാനുവിനെതിരെ അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.കീഴടങ്ങാന്‍ തയ്യാറാണെന്ന് ഉത്തരവ് പുറപ്പെടുവിക്കും മുന്‍പ് ഉദയഭാനുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ഈ ആവശ്യത്തോട് കോടതി പ്രതികരിച്ചില്ല.ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ഉബൈദ് പിന്‍മാറിയതിനെ തുടര്‍ന്ന് ജസ്റ്റിസ് എ ഹരിപ്രസാദാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട് വിധി പറഞ്ഞത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.ഇതെ തുടര്‍ന്ന് അന്വേഷണ സംഘം ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഉദയഭാനു അവിടെ ഉണ്ടായിരുന്നില്ല.

ചാലക്കുടിയില്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയില്‍ ഉദയഭാനുവിന് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ .രാജീവ് കൊല്ലപ്പെട്ട ദിവസം ഉദയഭാനു മറ്റൊരു പ്രതിയായ ചക്കര ജോണിയുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവ് അന്വേഷണംഘം ശേഖരിച്ചിട്ടുണ്ട്.

കൂടാതെ രാജീവ് കൊല്ലപ്പെട്ട ദിവസം വൈകീട്ട് 4.30ന് ഉദയഭാനുവും മറ്റു രണ്ടു പ്രതികളും ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ തെളിവു സഹിതം കോടതിയെ ബോധിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel