ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടം

ചാമ്പ്യന്‍സ് ലീഗ് നാലാം റൌണ്ട് മത്സരത്തില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടം. ഇംഗ്‌ളീഷ് ചാമ്പ്യന്‍മാരായ ചെല്‍സി, യൂറോപ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ, ഫ്രഞ്ച് ചാമ്പ്യന്‍മാരായ പിഎസ്ജി എന്നിവരും ജര്‍മന്‍ കിരീടജേതാക്കള്‍ ബയേണ്‍ മ്യൂണിക്കും ഇന്ന് കളത്തിലിറങ്ങും.

ഇറ്റലിയില്‍ എഎസ് റോമയോടാണ് ചെല്‍സിക്ക് പോരാട്ടം. ഗ്രൂപ്പ് സിയിലെ ഇതരമത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് അസര്‍ബെയ്ജന്‍ ക്‌ളബ് ഖറാബാഗ് എഫ്‌കെയെ നേരിടും. സെല്‍റ്റിക്-ബയേണ്‍, യുണൈറ്റഡ-ബെന്‍ഫിക്ക, സ്‌പോര്‍ടിങ്-യുവന്റസ്, ഒളിമ്പിയാകോസ്-ബാഴ്‌സലോണ, പിഎസ്ജി-ആന്‍ഡെര്‍ലെക്ട് എന്നിവയാണ് മറ്റു മത്സരങ്ങള്‍.

ഗ്രൂപ്പ് സിയില്‍ മൂന്നു കളിയില്‍ ഏഴു പോയിന്റുമായി ഒന്നാമതാണ് ചെല്‍സി. റോമയെ അവരുടെ തട്ടകത്തില്‍ കീഴടക്കിയാല്‍ നോക്കൌട്ട് ഘട്ടം ഉറപ്പിക്കാനാകും അന്റോണിയോ കോന്റെയുടെ സംഘത്തിന്.

ശേഷിക്കുന്ന രണ്ടു കളിയില്‍ ഒരു പോയിന്റ് നേടിയാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി രണ്ടാം ഘട്ടത്തിലേക്ക് മാര്‍ച്ച്‌ചെയ്യാം. റോമയ്ക്കും സമാനമായ അവസരമാണുള്ളത്.

ചെല്‍സിയെ കീഴടക്കിയാല്‍ ഗ്രൂപ്പില്‍ ആദ്യമായി അവര്‍ ഒന്നാംപടിയിലെത്തും. എന്നാല്‍ സീസണില്‍ യൂറോപ്യന്‍ മത്സരങ്ങളില്‍ മികച്ച പ്രകടനവുമായി കുതിക്കുന്ന ചെല്‍സിയെ പിടിച്ചുകെട്ടാന്‍ ഇറ്റലിക്കാര്‍ക്ക് എളുപ്പമാകില്ല.

ചെല്‍സിയുടെ തട്ടകത്തിലെ കഴിഞ്ഞ കളിയില്‍ 3-3ന് സമനില പിടിച്ചതാണ് റോമയുടെ പ്രതീക്ഷ. അത്‌ലറ്റികോയ്ക്ക് മൂന്നു കളിയും ജയിച്ചാല്‍ മാത്രമേ രണ്ടാം റൌണ്ട് പ്രതീക്ഷയുള്ളൂ.

സ്പാനിഷ് ലീഗിലെ ഗംഭീര തുടക്കം യൂറോപ്യന്‍ പോരാട്ടത്തിലും ആവര്‍ത്തിച്ച ബാഴ്‌സ ഗ്രൂപ്പ് ഡിയില്‍ ഒന്നാംപടിയിലാണ്. ഇറ്റാലിയന്‍ കരുത്തരായ യുവന്റസിനോടടക്കം മൂന്നില്‍ മൂന്ന് കളിയും ഏണസ്റ്റോ വാല്‍വെര്‍ദെയുടെ കുട്ടികള്‍ ജയിച്ചുകയറി.

ഒളിമ്പിയാകോസ് ജയമില്ലാതെ അവസാന പടിയിലാണ്. നോക്കൌട്ട് ഉറപ്പിക്കാന്‍ യുവന്റസിന് സ്‌പോര്‍ടിങ്ങിനെ കീഴടക്കണം. മൂന്ന് കളിയില്‍ ആറു പോയിന്റാണ് യുവന്റസിന്.

ഗോളടിയില്‍ ഗംഭീര മികവുമായാണ് പിഎസ്ജി ഗ്രൂപ്പ് ബിയില്‍ ഒന്നാംപടിയിലെത്തിയിരിക്കുന്നത്. മൂന്ന് കളിയില്‍ നെയ്മറും കവാനിയും അടങ്ങുന്ന മുന്നേറ്റനിര അടിച്ചുകൂട്ടിയത് 12 ഗോള്‍.

ഒരു ഗോളും വഴങ്ങിയില്ല. ആന്‍ഡെര്‍ലെക്ടിനെ സ്വന്തം തട്ടകത്തില്‍ കീഴടക്കിയാല്‍ പാരീസുകാര്‍ക്ക് തുടര്‍ച്ചയായ നോക്കൌട്ട്ഘട്ടം ഉറപ്പിക്കാം.

നാട്ടിലെ മികവ് യൂറോപ്പില്‍ തുടരനാകാതെ കുഴങ്ങുകയാണ് ബയേണ്‍. മൂന്നു കളിയില്‍ രണ്ട് ജയം നേടിയെങ്കിലും തിളങ്ങിയില്ല. സെല്‍റ്റിക്കിനെതിരെ ജയിച്ച് കുറവുനികത്താനുള്ള ശ്രമത്തിലാണ് ബയേണ്‍.

ഒരിടവേളയ്ക്കുശേഷം ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചെത്തിയ യുണൈറ്റഡ് ഗ്രൂപ്പ് എയില്‍ മികച്ച ഫോമിലാണ്. ഹൊസെ മൊറീന്യോയുടെ കീഴില്‍ ബെന്‍ഫിക്കയോടാണ് ഇന്ന് മത്സരം.

ഫ്രഞ്ച് മധ്യനിരക്കാരന്‍ പോള്‍ പോഗ്ബയുടെ അസാന്നിധ്യത്തിലും ഗംഭീരകളിയാണ് യുണൈറ്റഡ് ഇംഗ്‌ളണ്ടിലും യൂറോപ്പിലും പുറത്തെടുക്കുന്നത്. സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവാണ് പോഗ്ബയുടെ കുറവുനികത്തുന്നത്.

പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ വംശീയാധിക്ഷേപം നേരിട്ടിരുന്നു ഈ ബല്‍ജിയംകാരന്‍. പക്ഷേ കളിയില്‍ അതൊന്നും ബാധിക്കാതെ കുതിക്കുകയാണ് ലൂകാകു.

ലീഗില്‍ 10 കളി പിന്നിട്ടപ്പോള്‍ രണ്ടാംപടിയിലാണിപ്പോള്‍ യുണൈറ്റഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News