RSSന്റേത് ഹിറ്റ്‌ലര്‍ നയം; ഗുരുജി ഗോള്‍വാള്‍ക്കര്‍ നാസിസത്തിന്റ ഇന്ത്യന്‍ പിതാവ്; ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോള്‍

ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും നേരെ മുന്‍പെങ്ങും ഇല്ലാത്ത വ്യാഖ്യാനങ്ങളും കൂട്ടിച്ചേര്‍ക്കലും ഉണ്ടാവുകയും,

കാരണാക്കാരെന്ന നിലയില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കും ആ പാര്‍ട്ടിയുടെ ആശയധാരയ്ക്ക് രൂപം കൊടുക്കുന്ന സംഘപരിവാറിനുമെതിരെ വിമര്‍ശനങ്ങള്‍ രൂപപ്പെടുകയും ചെയ്യുമ്പോള്‍ അല്‍പ്പം ചരിത്രത്തിലേക്ക് പോകേണ്ടി വരുന്നു.

ഇന്ത്യന്‍ ദേശീയതയ്ക്ക് എക്കാലവും നല്‍കാത്ത മാനം നല്‍കപ്പെടുമ്പോള്‍ തച്ചുടയ്ക്കപ്പെടുന്നത് ജനാധിപത്യ-ഫെഡറല്‍ സംവിധാനങ്ങള്‍ തന്നെയാണ്. ഇന്ത്യന്‍ ജനാധിപതിയത്തിന്റെ ഇത്തരം കാതലായ ശിലകള്‍ തച്ചുടയ്ക്കപ്പെട്ടാല്‍ മാത്രമേ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര സങ്കല്‍പ്പം, കേന്ദ്രീകൃത സ്റ്റേറ്റ് എന്ന ആശയത്തിലൂടെ സാധ്യമാവുകയുള്ളു.

ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ നടപ്പാക്കിയ നയം ആര്‍.എസ്.എസ് – സംഘപരിവാര്‍ സംഘടനകള്‍ പിന്തുടരുമ്പോള്‍ അവരുടെ എക്കാലത്തെയും താത്വികാചാര്യനായിരുന്ന ഗുരുജി ( മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍)യുടെ കാഴ്ചപ്പാടുകളിലേക്ക് പോകേണ്ടി വരുന്നു.

ഹിറ്റ്‌ലറുടെ നയങ്ങളെ ഇന്ത്യന്‍ സാഹചര്യത്തിനൊത്ത് ഉപയോഗിക്കാനും പരിപോഷിപ്പിക്കാനും ആഹ്വാനം ചെയ്യുകയായിരുന്നു ഗുരുജി ഗോള്‍വാള്‍ക്കര്‍.

ഗോള്‍വാള്‍ക്കറുടെ പുസ്തകങ്ങളായ ‘നാം അല്ലെങ്കില്‍ നമ്മുടെ നിര്‍വചിക്കപ്പെട്ട ദേശീയത'(We or Our Nationhood Defined), ഒരുപിടി ചിന്തകള്‍(Bunch Of Thoughts) എന്നിവ പരിശോധിച്ചാല്‍ വ്യക്തമാകും ഇന്നത്തെ ജല്‍പനങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍.

പുസ്തകത്തിന്റെ നിരവധി പതിപ്പുകള്‍ പരിശോധിച്ചാല്‍ മനസിലാകും നാസിസത്തിന്റെ പുറകേ പായാനുള്ള ആഹ്വാനം.

പുസ്തകത്തിന്റെ ഒരു ഭാഗത്ത് ഗോള്‍വാള്‍ക്കര്‍ പറയുന്നുണ്ട് ‘ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ ഹിന്ദുവിന്റെ സംസ്‌കാരവും ഭാഷയും സ്വീകരിച്ചേ മതിയാവൂ.ഹിന്ദുമതത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം.

ഹിന്ദുവെന്ന വംശത്തെയും സംസ്‌കാരത്തെയും അല്ലാതെ ഒരു ആശയത്തെയും പ്രോത്സാഹിപ്പിക്കുകയോ മഹത്വവത്കരിക്കുകയോ അരുത്. അവര്‍ ഈ രാജ്യത്തോടും ഇവിടെ വര്‍ഷങ്ങളായി നില നില്‍ക്കുന്ന ആചാരങ്ങളോടും തങ്ങളുടെ അസഹിഷ്ണുത ഉപേക്ഷിച്ചാല്‍ മാത്രം പോരാ ഈ ആചാരങ്ങളോട് സ്‌നേഹവും ഭക്തിയുമുള്ള പരമമായ നിലപാട് സ്വീകരിക്കണം’ – അതായത് ഹിന്ദു രാഷ്ട്രത്തിന്റെ പൂര്‍ണതയ്ക്കായി ഏതറ്റവും പോകാമെന്ന്.

ജര്‍മ്മനിയിലെ ജൂത വംശത്തെ ഹിറ്റ്‌ലര്‍ എങ്ങനെ കൈകാര്യം ചെയ്തുവോ അതേ രീതിയില്‍ തന്നെ ഇന്ത്യയിലെ മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും കൈകാര്യം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു ഗോള്‍വാള്‍ക്കര്‍.

‘we or our Nationhood Defined ‘ എന്ന പുസ്തകത്തിലെ ഇപ്പറയുന്ന വരികള്‍ വായിച്ചാല്‍ തന്നെ മനസിലാകും ഗോള്‍വാള്‍ക്കറുടെ നാസി പ്രേമം. ‘ തങ്ങളുടെ വംശത്തിന്റെ വിശുദ്ധിയും സംസ്‌കാരവും നിലനിര്‍ത്താന്‍ യഹൂദവംശത്തെ-ജൂതന്‍മാരെ-തുടച്ചു മാറ്റി ജര്‍മ്മനി ലോകത്തെ ഞെട്ടിച്ചു.

ഇങ്ങനെയാണ് വംശീയ ഗര്‍വ് അതിന്റെ ഉച്ചസ്ഥായിയില്‍ പ്രകടിപ്പിക്കപ്പെട്ടത്. ഏകീകൃതമായ ഒന്ന് എന്നതിലേക്ക് ലയിച്ച് ചേരുവാന്‍ വംശീയതയുടെയും സംസ്‌കാരത്തിന്റെയും വേര്‍തിരിവുകള്‍ അതിന്റെ അടിവേരുകളിലേക്ക് പടരുന്നത് അസാധ്യമാണെന്ന് ജര്‍മ്മനി വളരെ നല്ല രീതിയില്‍ കാട്ടിതന്നിരിക്കുകയാണ്.

ഹിന്ദുസ്ഥാനില്‍ നമുക്ക് പഠിക്കുവാനും ലാഭം കൊയ്യുവാനും നല്ലൊരു പാഠമാണിത്’- ഗോള്‍വാള്‍ക്കര്‍ സമര്‍ത്ഥിക്കുന്നു.

നാസിസ്റ്റ് പാതയിലൂടെ ഹിന്ദു രാഷ്ട്രപൂര്‍ണതയ്ക്കായി സംഘപരിവാര്‍ യത്‌നിക്കുമ്പോള്‍ ഭീഷണിയാകുന്നത് മുസ്ലിമും ക്രിസ്ത്യനുമാണ്. അതിലുപരി മൂന്നാമത്തെ ആഭ്യന്തര ഭീഷണിയായി ഗോള്‍വാള്‍ക്കര്‍ കാണുന്നത് കമ്യൂണിസ്റ്റ്കാരനെ തന്നെയാണ്.

1966 ല്‍ പ്രസിദ്ധീകരിച്ച ഗുരുജിയുടെ ‘ഒരു പിടി ചിന്തകള്‍ ‘ (Bunch of thoughts) ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇടതുപക്ഷത്തിനെതിരെ സംഘപരിവാര്‍ – BJP സംഘടനകള്‍ നടത്തുന്ന സമകാലിക പ്രവര്‍ത്തികള്‍ അടിസ്ഥാന അജണ്ടയുടെ തുടര്‍ച്ചയെന്ന് വായിക്കേണ്ടി വരുന്നു.

ഭരണഘടന പുനഃപരിശോധിക്കുകയും കേന്ദ്രീകൃത സ്റ്റേറ്റ് എന്ന ആശയം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും വേണമെന്നതായിരുന്നു ഗോള്‍വാള്‍ക്കറിന്റെ നിലപാട്.

ഫെഡറല്‍ സിസ്റ്റത്തെ അവഹേളിച്ച് സംസ്ഥാനങ്ങളോട് സ്വീകരിക്കുന്ന സമീപകാല സംഭവങ്ങളൊക്കെ ഗുരുജിയെയും ഗുരുജി പഠിപ്പിച്ച നാസി ആശയങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു. ഗുരുജി ഗോള്‍വാള്‍ക്കര്‍ RSS ന് സര്‍സംഘചാലക് തലവന്‍ മാത്രമായിരുന്നില്ല, താത്വികാചാര്യന്‍ കൂടിയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News