കേരളത്തില്‍ നിന്ന് ലോക കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് എന്‍പി ഉല്ലേഖ്; കമ്മ്യൂണിസത്തിന്റെ ബഹുസ്വരത ഏറ്റവുമധികം പ്രാവര്‍ത്തികമാക്കിയ പ്രദേശമാണ് കേരളം

കൊച്ചി: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നിന്ന് ലോക കമ്യൂണിസത്തിന് ഒരുപാട് പഠിക്കാനുണ്ടെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും ഗ്രന്ഥാകാരനും ഓപ്പണ്‍ മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ഉല്ലേഖ് എന്‍പി.

കമ്മ്യൂണിസത്തിന്റെ ബഹുസ്വരത ഏറ്റവുമധികം പ്രാവര്‍ത്തികമാക്കിയ പ്രദേശമാണ് കേരളമെന്നും അതാണ് കേരള കമ്മ്യൂണിസത്തിന്റെ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരേസാസ് കോളേജ് സംഘടിപ്പിച്ച ഇന്‍ഡോ സ്വീഡിഷ് അക്കാദമിക് എക്‌സ്‌ചേഞ്ച് പരിപാടിയില്‍ കമ്മൂണിസം ഇന്‍ കേരള എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂതനമായ ഒട്ടേറെ ആശയങ്ങളുടെ പ്രഭവ കേന്ദ്രമാണ് കേരളം. അതുകൊണ്ടാണ് കേരളത്തില്‍ കമ്മൂണിസം ഇപ്പോഴും നിലനിക്കുന്നതും ലോകശ്രദ്ധ പിടിച്ചുപറ്റുന്നതും, മലയാളി കൂടിയായ ഉല്ലേഖ് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് ചട്ടക്കൂടുള്ള സംഘടനയുടെ കരുത്തും ഭരണനിര്‍വഹണത്തില്‍ മധ്യപാത തെരഞ്ഞെടുത്തില്‍ ലഭിച്ച അംഗീകാരവും ആണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തിന്റെ പ്രധാന രഹസ്യം. നവോത്ഥാന പ്രസ്ഥാനങ്ങളുമായി ഇഴുകിച്ചേര്‍ന്ന് അവയുടെ സന്ദേശങ്ങളെ രാഷ്ട്രീയത്തില്‍ പ്രയോഗിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളരെ അധികം വളരാന്‍ സഹായിച്ചു.

ഭരണ നിര്‍വഹണത്തില്‍ സോഷ്യല്‍ ഡെമോക്രേറ്റ്‌സിനെ പോലെ മധ്യപാത സ്വീകരിക്കുമ്പോള്‍തന്നെ അതില്‍ ഇടതുപക്ഷ സ്വഭാവം കൈവെടിയാതെ സ്വീകരിച്ച അനേകം നടപടികള്‍ ഏതൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ചൂണ്ടുപലകയാവുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭൂപരിഷ്‌കരണം ഇതിനു ഒരു ഉദാഹരണം മാത്രം. വിദ്യാഭ്യാസ-ആരോഗ്യസ്ത്രീ ശാക്തീകരണപരമ്പരാഗതസാമൂഹ്യ മേഖലകളില്‍ നടത്തിയ നിക്ഷേപങ്ങള്‍ യാഥാര്‍ഥ്യത്തില്‍ കേരളത്തില്‍ തനതായ ഒരു രാഷ്ട്രീയസാമൂഹ്യസാമ്പത്തിക സാഹചര്യം ഉണ്ടാക്കി. ഇതൊക്കെ രക്തരഹിത വിപ്ലവങ്ങള്‍ ആയിരുന്നു- ഉല്ലേഖ് പറഞ്ഞു.

വിദ്യാഭ്യാസ ബില്ല് മുതല്‍ ദളിതരെ പൂജാരികളാക്കാനുള്ള നിയമം വരെ നീണ്ടുനില്‍ക്കുന്ന പദ്ധതികള്‍ കേരളത്തെ മാറ്റിമറിച്ചു എന്ന് മാത്രമല്ല കമ്യൂണിസത്തിന് കൂടുതല്‍ ജനകീയ അടിത്തറയും അംഗീകാരവും നല്‍കി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇത്തരം വിശാലമായ നൂതനവല്‍ക്കരണത്തില്‍ ഇഎംഎസിന്റെ പങ്കു നിഷേധിക്കാനാവാത്തതാണ്.

1950ല്‍ തന്നെ കേരള കമ്മ്യൂണിസത്തിന്റെ ജനാധിപത്യവത്കരണത്തില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. ആ പ്രക്രിയക്ക് ദേശീയതലത്തില്‍ തന്നെ സൈദ്ധതികമായ അടിത്തറ പാകിയവരുടെ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നെന്നും പാര്‍ട്ടി രേഖകള്‍ ചൂണ്ടിക്കാട്ടി ഉല്ലേഖ് സമര്‍ത്ഥിച്ചു.

പലപ്പോഴും കൂറ്റന്‍ നിര്‍മാണശാലകളെക്കാള്‍ ആശാസ്യമാണ് മികച്ച മാനവശേഷിക്കു വേണ്ടിയുള്ള നിക്ഷേപം. വിദേശത്തു നിന്ന് വരുന്ന പണത്തില്‍ അധിഷ്ഠിതമായ സാമ്പത്തിക ഘടന ആണ് കേരളം എന്നത് ആക്ഷേപമായിട്ടല്ല, മറിച്ചു പ്രചോതനമായിട്ടാണ് വിലയിരുത്തേണ്ടതെന്നും ഉല്ലേഖ് അഭിപ്രായപ്പെട്ടു.

ലോകത്തെമ്പാടുമുള്ള വികസന മാര്‍ഗങ്ങളെ അപഗ്രഥിച്ചു നിരന്തരമായ നവീകരണത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്നോട്ടു പോവണമെന്നും ഉല്ലേഖ് പറഞ്ഞു.

വാര്‍ രൂം, ദി അണ്‍ടോള്‍ഡ് വാജ്‌പേയി എന്നീ പുസ്തകങ്ങളുടെ കര്‍ത്താവായ ഉല്ലേഖ്, കണ്ണൂര്‍ സ്വദേശിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News