രാജ്യസ്‌നേഹം വളര്‍ത്താന്‍ ജനഗണമനയ്‌ക്കൊപ്പം വന്ദേമാതരവും നിര്‍ബന്ധമായി ചൊല്ലണമെന്നാവശ്യപ്പെടുന്ന ബിജെപി നേതാവ് പിടിച്ച പുലിവാല് കാണുക.
ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത് ബിജെപി വക്താവായ നവീന്‍കുമാര്‍ സിങ്ങ് കുടുങ്ങിയത്. സീ സലാം ചാനല്‍ ചര്‍ച്ചയ്ക്കിടെ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വക്താവ് മുഫ്തി ഇജാസ് അര്‍ഷാദ് ഖ്വസ്മിയുമായിട്ടായിരുന്നു ദേശീയതയെ ചൊല്ലി നവീന്‍ കുമാര്‍ ഏറ്റുമുട്ടിയത്.
വന്ദേമാതരത്തെയും ജനഗണമനയെയും അഗീകരിക്കാത്തവര്‍ ദേശ വിരുദ്ധരാണെന്ന നവീന്‍ കുമാറിന്റെ അഭിപ്രായത്തെ തുടര്‍ന്നാണ് നവീന്‍ കുമാറിനോട് വന്ദേ മാതരം ചൊല്ലാന്‍ ഇജാസ് അര്‍ഷാദ് ഖ്വസ്മി ആവശ്യപ്പെട്ടത്.
വെല്ലുവിളി ഏറ്റെടുത്ത് നവീന്‍ കുമാര്‍ വന്ദേമാതരം ആലപിക്കാന്‍ ആരംഭിച്ചു. പക്ഷേ വരികളോ താളമോ ശരിയായ രീതിയിലായിരുന്നില്ലെന്നു മാത്രം. പലവാക്കുകളും തെറ്റിക്കുകയും ചെയ്തു.
‘സുഹാസിനീം സുമധുരഭാഷിണീം’ എന്ന വരിക്ക് പകരം പാര്‍ട്ടി വക്താവ് പറഞ്ഞതിങ്ങനെ. ‘സുഹാസിന്‍, സുമന്ത്ര, ഭുസ്മാനി’. ഇത്തരം മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെ പലതവണ മൊബൈല്‍ ഫോണിലൂടെ ഗൂഗിള്‍ സേര്‍ച്ചിലെത്തി നോക്കി വായിക്കുന്നതും വീഡിയോയില്‍ കാണാം.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയായ ബല്‍ദേവ് സിങ്ങ് ഇന്ത്യാ ടുഡേ ചര്‍ച്ചയ്ക്കിടെ വന്ദേമാതരത്തിലെ ഒരു വരി പോലും ആലപിക്കാനാവാതെ കുഴങ്ങിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here