സോളാര്‍ കേസിലെ മല്ലേലില്‍ ശ്രീധരന്‍ നായരുടെ അഭിഭാഷകന്‍ പണം തട്ടിയെടുത്തു; അന്വേഷണം മുന്‍ സര്‍ക്കാര്‍ അട്ടിമറിച്ചതായി പരാതി

ബിസിനസ് പങ്കാളിത്തം വാഗ്ദാനം നല്‍കിയായിരുന്നു സോളാര്‍ കേസിലെ മല്ലേലില്‍ ശ്രീധരന്‍ നായരുടെ അഭിഭാഷകന്‍ അഡ്വ. സോണി പി ഭാസ്‌ക്കര്‍ 27.5ലക്ഷം രൂപ പ്രവാസി ദമ്പതികളില്‍ നിന്നും തട്ടിയെടുത്തത്.

എസ്സെന്‍ മോട്ടോര്‍സ് എന്ന പേരില്‍ കൊല്ലം ജില്ലയില്‍ പുതിയ ഔട്ട്ലെറ്റ് ആരംഭിക്കുന്നതില്‍ പങ്കാളിത്തവും അതിന്റെ മാനേജിംഗ് ഡയറക്ടറുടെ പോസ്റ്റുമായിരുന്നു അഡ്വ. സോണി പി ഭാസ്‌ക്കര്‍ ചെങ്ങന്നൂര്‍ സ്വദേശിയായ ബിനു ജയപാലന് വാഗ്ദാനം നല്‍കിയിരുന്നെന്നാണ് ബിനുവിന്റെ ഭാര്യ ജ്യോല്‍സ്ന ബിനു വ്യക്തമാക്കിയത്.

എന്നാല്‍ ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ഇവര്‍ സോണിയോട് പണം തിരികെ ചോദിച്ചിരുന്നെങ്കിലും തിരിച്ചു നല്‍കിയില്ല. തുടര്‍ന്ന് 2013 ഒക്ടോബറില്‍ ഇവര്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കും ഡിജിപിക്കും പരാതി നല്‍കി.

അന്വേഷണം സിബി സിഐഡിയ്ക്കടക്കം കൈമാറിയിരുന്നെങ്കിലും, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐ അഭിലാഷ് സോണിയ്ക്കനുകൂലമായി നിന്നെന്നും സോണിയ്ക്കെതിരെയുള്ള പ്രധാന തെളിവ് നശിപ്പിച്ചെന്നും ബിനുവിന്റെ ഭാര്യ ജ്യോല്‍സ്ന വ്യക്തമാക്കുന്നു.

ഹൈക്കോടതിയടക്കം കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെയും നല്‍കിയിട്ടില്ല.

പൊലീസ് ഉദ്യോഗസ്ഥര്‍ അഡ്വ. സോണിയ്ക്കനുകൂലമായി അന്വേഷണത്തെ വഴിതിരിച്ചു വിടുന്നതില്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് ജ്യോല്‍സ്ന ബിനു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel