കേരളത്തിന് ഒരു സാംസ്‌കാരിക ഗാനമുണ്ട്; ജയജയ കോമള കേരള ധരണി

സ്വാതന്ത്ര്യസമരസേനാനി ബോധേശ്വരനാണ് ഈ ഗാനത്തിന്റെ രചയിതാവ്. 2014-ല്‍ കേരളത്തിന്റെ സാംസ്‌കാരിക ഗാനമായി പ്രഖ്യാപിച്ചു, കേരളപ്പിറവിനാളില്‍ നമുക്കുണ്ടാകേണ്ട ഓര്‍മ്മകളിലൊന്ന് നിശ്ചയമായും കേരളഗാനമാണ്.

1902ല്‍ നെയ്യാറ്റിന്‍കരയില്‍ കുഞ്ഞന്‍ പിള്ളയുടെയും ജാനകിപിള്ളയുടെയും മകനായി ജനിച്ച കേശവനാണ് പിന്നീട് ബോധേശ്വരന്‍ എന്ന പേര് സ്വീകരിച്ചത്. സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളിലും സജീവ പങ്കാളിയായി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ക്ഷേത്ര പ്രവേശന സമരം, വൈക്കം സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളില്‍ പങ്കെടുത്തു. ദേശാഭിമാന പ്രചോദിതമായ കവിതകളിലൂടെ ശ്രദ്ധേയനായി.

കവി സുഗതകുമാരിയുടെയും എഴുത്തുകാരി ഹൃദയകുമാരിയുടെയും പിതാവു കൂടിയാണ് ബോധേശ്വരന്‍.

1938-ല്‍ രചിച്ച ഈ ഗാനം കേരളഗാനം എന്നറിയപ്പെടുന്നു

ജയജയ കോമള കേരള ധരണി
ജയജയ മാമക പൂജിത ജനനി
ജയജയ പാവന ഭാരത ഹരിണി
ജയജയ ധര്‍മ്മ സമന്വയരമണീ

ജയജയ ജയജയ ജയജയ ജനനി
ജനനി മാമക കേരള ധരണി

ചേരപുരാതനപാവന ചരിതേ
ആര്യകുലോല്‍ക്കടഭാര്‍ഗ്ഗവനിരതേ
ദ്രാവിഡപരിവൃഡവനിതേമഹിതേ
ദ്രാവിഡസംസ്‌കൃതവംശോജ്ജ്വലിതേ

പ്രേമദമാകും പ്രമദവനം താന്‍
ശ്യാമളസുന്ദരമെന്നുടെ രാജ്യം
മലയജസുരഭലമാരുതനേല്‍ക്കും
മലയാളം ഹാ മാമകരാജ്യം

പശ്ചിമജലധിതരംഗാവലിതന്‍
ഉല്‍സൃതശീതളശികരസേവ്യം
കുന്ദലതാപരിസേവിതനിലയം
സുന്ദരകേതകഭൂഷിതവലയം

ചന്ദനമണിയും ചാരുകിശോരക –
ബന്ധുരമാകും മലയാളത്തിന്‍
തുഞ്ചശുകീകളകണ്ഠനിനാദം
തഞ്ചും മാമക മലയാളത്തില്‍
മാമക മോഹം മാമക ഗേഹം
മാമക നാകം മാമകവിലയം
ജനനീ ജനനീ ജനനീ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News