പൊതുമേഖലാ സ്ഥാപനങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ മന്ത്രിസഭാ യോഗതീരുമാനം; ചാവറ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ചവറയിലെ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സില്‍ ഇരുമ്പുപാലം തകര്‍ന്ന് മൂന്നു പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

അപകടത്തില്‍ മരിച്ച കെഎംഎംഎല്‍ ജീവനക്കാരായ ശ്യാമളാദേവി, ആഞ്ജലീന, അന്നമ്മ എന്നിവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപാ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. നിയമാനുസൃതമായി നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് ഈ സഹായം. മരിച്ചവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലി നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കമ്പനിനോട് നിര്‍ദ്ദേശിക്കാനും യോഗത്തില്‍ തീരുമാനമായി.

പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 32 ജീവനക്കാരുടെ ചികിത്സാചെലവ് പൂര്‍ണ്ണമായും കമ്പനി വഹിക്കണം. തകര്‍ന്ന പാലം റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സാങ്കേതിക സഹായത്തോടെ പുനര്‍നിര്‍മ്മിക്കണം. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ ചുമതലപ്പെടുത്തി. സാങ്കേതിക വിദഗ്ധര്‍ കൂടി ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തുക.

ദേഹത്ത് മരം വീണ് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായ മുന്‍ വടക്കേ വയനാട് എംഎല്‍എ കെസി. കുഞ്ഞിരാമന്റെ ചികിത്സാചെലവിലേക്ക് അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനാല്‍ കാസര്‍കോട് മഹിളാ മന്ദിരത്തില്‍ കഴിയുന്ന കുമാരി ദിവ്യയ്ക്ക് പരപ്പ അഡീഷണല്‍ ഐസിഡിഎസില്‍ പാര്‍ട് ടൈം സ്വീപ്പറായി നിയമനം നല്‍കാന്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News