സംസ്ഥാനങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് കോടിയേരി; ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തെ ശക്തമായി പ്രതിരോധിക്കുന്നത് ഇടതുപക്ഷം മാത്രം

പാലക്കാട്: സംസ്ഥാന സര്‍ക്കാരുകളെ സാമ്പത്തികമായി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ജിഎസ്ടിയിലൂടെ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ വലിയൊരു പങ്ക് കവര്‍ന്നെടുത്തു. നോട്ട് നിരോധനം കേരളത്തിലെ സാമൂഹ്യ ജീവിതത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ കേന്ദ്രം കൊണ്ടുവന്ന വ്യവസ്ഥകള്‍ കേരളത്തിലെ ജനങ്ങളുടെ ഭക്ഷ്യാവകാശം കവര്‍ന്നെടുത്തു. കേരളത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്ന പൊതുവിതരണ സംവിധാനത്തെ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ സഹായകമല്ല. സംസ്ഥാനത്തിനുള്ള പല ധനസഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയാണ്.

സര്‍വശിക്ഷാ അഭിയാനില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 30 ശതമാനമായിരുന്നത് 50 ശതമാനമായി കൂട്ടി. ദേശീയ ഗ്രാമീണ ആരോഗ്യ മിഷനില്‍ 10 ശതമാനമായിരുന്ന സംസ്ഥാന വിഹിതം 40 ശതമാനമായും കുടിവെള്ള പദ്ധതികളുടേത് 10 ശതമാനത്തില്‍ നിന്ന് 50 ശതമാനമായും വര്‍ധിപ്പിച്ചു. കേന്ദ്ര പദ്ധതികളില്‍ സംസ്ഥാനങ്ങളുടെ വിഹിതം വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു. കേരളം ഇതിനകം നേടിയ പുരോഗതിയെ മുന്നോട്ടു കൊണ്ടുപോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടുകള്‍ തടസ്സമുണ്ടാക്കുകയാണ്.

ഒന്നര വര്‍ഷം കൊണ്ട് ഒട്ടേറെ ജനക്ഷേമകരമായ നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. ഒന്നര വര്‍ഷത്തിനിടയില്‍ എട്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ 133 സീറ്റുകളില്‍ എല്‍ഡിഎഫാണ് വിജയിച്ചത്.

യുഡിഎഫിന് 85, ബിജെപിക്ക് 37 സീറ്റ് എന്നിങ്ങനെയാണ് ജയിച്ചത്. വേങ്ങരയില്‍ എല്‍ഡിഎഫിന് മാത്രമാണ് കൂടുതല്‍ വോട്ട് കിട്ടിയത്. എല്‍ഡിഎഫ് സര്‍ക്കാരിന് കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാന്‍ ഇത് പ്രചോദനമായി.

യുഡിഎഫ് ആരംഭിച്ച ‘പടയൊരുക്കം’ ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തലയുടെ പടയൊരുക്കമായാണ് അവസാനിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തെ ശക്തമായി പ്രതിരോധിക്കുന്നത് കോണ്‍ഗ്രസല്ല, ഇടതുപക്ഷമാണ്. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കിട്ടിയില്‍ ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും.

കൊടുവള്ളിയിലെ ജാഥാ സ്വീകരണത്തില്‍ ഉപയോഗിച്ച വാഹനം സംബന്ധിച്ച്, അത് തെറ്റാണെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. കള്ളക്കടത്ത് കേസിലെ പ്രതികളുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. കോഴിക്കോട് ഡിസിസി പ്രസിഡന്റിനും മുസ്ലിംലീഗ് നേതാക്കള്‍ക്കുമൊക്കെയാണ് കള്ളക്കടത്ത് പ്രതികളുമായി ബന്ധം. കള്ളക്കടത്ത് കേസില്‍ ജയിലിലായ ഫയാസിന്റെ കാറില്‍ ദുബായില്‍ സഞ്ചരിച്ചത് ചെന്നിത്തലയാണ്.

ഫയാസ് കേരളത്തിലെത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ സ്റ്റേറ്റ് കാറില്‍ സഞ്ചരിച്ചു. ‘പടയൊരുക്കം’ ജാഥയില്‍ നിന്ന് കളങ്കിതരെ മാറ്റി നിര്‍ത്തുമെന്നാണ് പറയുന്നത്. കാസര്‍കോഡ് ജില്ലാ ബാങ്ക് തട്ടിപ്പിലെ കുറ്റക്കാരെ ഒഴിവാക്കി നിര്‍ത്തുമോ? സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരായവരെ മാറ്റി നിര്‍ത്തുമോ?

കളങ്കിതനെന്ന് വിഎം സുധീരന്‍ വിശേഷിപ്പിച്ച ബെന്നിബഹനാനെ മാറ്റി നിര്‍ത്തുമോ? കളങ്കിതര്‍ എന്നാല്‍ എന്താണെന്ന് യുഡിഎഫ് നിര്‍വചനം തരണം. പ്രസംഗം കേള്‍ക്കാന്‍ ആരൊക്കെ വരണം, സ്റ്റേജില്‍ ആരൊക്കെ ഇരിക്കണം എന്നൊക്കെ യുഡിഎഫ് പറയട്ടെ. ജനജാഗ്രതാ യാത്രയില്‍ പലയിടത്തും പലരും വന്ന് സെല്‍ഫിയെടുത്തു. അവര്‍ ആരൊക്കെയെന്നറിയില്ല. അതു കൊണ്ട് സെല്‍ഫി എടുക്കേണ്ടെന്ന് പറയാന്‍ കഴിയുമോ?

പെട്രോള്‍ വില വര്‍ധനക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തിയില്ല. കേരളത്തില്‍ മാത്രമാണ് ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താല്‍ നടത്താന്‍ കോണ്‍ഗ്രസിന് ധൈര്യം വന്നത് കേരളത്തില്‍ മാത്രം.

ജന ജാഗ്രതാ യാത്രയെക്കുറിച്ചും കോടിയേരിയെക്കുറിച്ചും എംഐ ഷാനവാസ് നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘കണ്ണാടി കാണ്‍മോളവും തന്നുടെ മുഖമേറ്റം നന്നെന്ന് നിരൂപിക്കും എത്രയും …. ബാക്കി ഞാന്‍ പറയുന്നില്ല’ എന്നായിരുന്നു കോടിയേരിയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News