പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത; 20 ലക്ഷം രൂപ വരെ വായ്പാ പദ്ധതിയുമായി പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍

തിരുവനന്തപുരം: സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ പ്രവാസികള്‍ക്കായി വായ്പ്പാ പദ്ധതിയൊരുക്കുന്നു.

നോര്‍ക്കാ റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരമാണ് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പ്രവാസികള്‍ക്കായി റീടേണ്‍ എന്ന പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം പ്രവാസിയ്ക്ക് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

കേരളത്തിന്റെ സാമ്പത്തികാഭിവൃത്തിയില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്രവാസികള്‍ക്കാണ് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നോര്‍ക്കാ റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം, വായ്പാ പദ്ധതി നടപ്പാക്കുന്നത്. റീ ടേണ്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

തൊഴില്‍ നഷ്ടമായി നാട്ടിലെത്തുന്ന OBC, മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന പ്രവാസികള്‍ക്കാണ് റീ ടേണ്‍ പദ്ധതിയുടെ ഗുണം കിട്ടുക. പദ്ധതിപ്രകാരം ഡയറിഫാം, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ് വെയര്‍ ഷോപ്പ്, റസ്റ്റോറന്റ്, സ്റ്റേഷനറി സ്റ്റോര്‍ തുടങ്ങി 20 ലധികം തൊഴിലുകള്‍ക്കാണ് പദ്ധതി പ്രകാരം വായ്പ ലഭ്യമാക്കുകയെന്ന് പദ്ധതി വിശദീകരിച്ച് മന്ത്രി എ.കെ.ബാലന്‍ വ്യക്തമാക്കി.

കേരളത്തിലെ മതന്യൂനപക്ഷ വിഭാഗത്തിലും OBCയിലും ഉള്‍പ്പെട്ട 18നും 65നു മദ്ധ്യേ പ്രായമുള്ളവരും പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവരുമായ സംരംഭകര്‍ക്കാണ് വായ്പ അനുവദിക്കുന്നത്. ഗ്രാമപ്രദേശത്ത് 98,000 രൂപവരെയും നഗരപ്രദേശത്ത് 1,20,000 രൂപ വരെയും വാര്‍ഷിക വരുമാനമുള്ള OBC വിഭാഗക്കാര്‍ക്ക് 5ലക്ഷം രൂപവരെ 6 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും.

ഇതേ വരുമാനപരിധിയില്‍ വരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെ 6 ശതമാനം പലിശ നിരക്കിലും വായ്പ നല്‍കും. പദ്ധതിപ്രകാരം വായ്പ ലഭ്യമാകുന്നതിന് പ്രവാസികള്‍ നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്യണം. ഇങ്ങനെ രജിസ്ട്രര്‍ ചെയ്യുന്നവരില്‍ നിന്നും നോര്‍ക്ക റൂട്‌സ് ശുപാര്‍ശ ചെയ്യുന്ന അപേക്ഷകര്‍ക്കാണ് കോര്‍പ്പറേഷന്‍, പദ്ധതി നിബന്ധനകള്‍ക്ക് വിധേയമായി വായ്പ ലഭ്യമാക്കുന്നത്.

നോര്‍ക്കാ റൂട്ട്‌സില്‍ നിന്നുള്ള ശുപാര്‍ശാ കത്തുമായി പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്റെ ജില്ലാ ഉപജില്ലാ ഓഫീസുകളെ സമീപിച്ചാല്‍ നവംബര്‍ 10 മുതല്‍ പദ്ധതിയുടെ അപേക്ഷ ഫോറം ലഭിക്കും. മതിയായ രേഖകള്‍ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News