സുരേഷ് ഗോപിക്കെതിരെ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി എംപി സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.

വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ നടപടി

സുരേഷ് ഗോപിയുടെ കാര്‍ രജിസ്റ്റര്‍ ചെയ്തത് വ്യാജ വിലാസത്തിലാണോ എന്ന് കണ്ടുപിടിക്കണമെന്നും നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സുരേഷ് ഗോപി പോണ്ടിച്ചേരി റജിസ്‌ട്രേഷന്റെ മറവില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിച്ചതായാണ് ആരോപണം. സുരേഷ് ഗോപിയുടെ ആഡംബര കാറായ PY 01 BA 999 നമ്പര്‍ ഓഡിക്യു സെവന്‍ ആണ് പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

2010ലാണ് 80 ലക്ഷത്തോളം വില വരുന്ന ഓഡി ക്യൂ 7 സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തത്. പോണ്ടിച്ചേരി ആര്‍ടി ഓഫീസിലെ രേഖകള്‍ പ്രകാരം 3 സിഎ, കാര്‍ത്തിക് അപ്പാര്‍ട്‌മെന്റ്‌സ്, 100 ഫീറ്റ് റോഡ്, എല്ലെപിള്ളെച്ചാവടി, പോണ്ടിച്ചേരി എന്ന വിലാസമാണ് സുരേഷ് ഗോപി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ വിലാസത്തില്‍ താമസിക്കുന്നവര്‍ക്ക് സുരേഷ് ഗോപിയോ നേരിട്ട് അറിയുക പോലുമില്ല.

ഈ വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കാറാണ് എംപി എന്ന നിലയിലും സുരേഷ് ഗോപി ഉപയോഗിക്കുന്നത്.

കേരളത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 15 ലക്ഷത്തോളം രൂപ സംസ്ഥാന സര്‍ക്കാരിന് നികുതിയായി സുരേഷ് ഗോപി നല്‍കണമായിരുന്നു. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി ഇത്രയും തുക സര്‍ക്കാര്‍ ഖജനാവിന് നഷ്ടമാണ്.

ഇതിനിടെ സുരേഷ് ഗോപിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം. ധനീഷ് ലാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അനില്‍ കാന്തിന് പരാതിയും നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News