സ്വകാര്യമില്ലുകകളുടെ ചൂഷണം; കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

സപ്ളൈകോയ്ക്കുവേണ്ടി നെല്ല് സംഭരിക്കുന്ന സ്വകാര്യമില്ലുകകളുടെ ചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്.

നെല്ലിലെ ജലാംശത്തിന്റെ മറവില്‍ മില്ലുകള്‍ വന്‍തോതില്‍ കിഴിവ് ആവശ്യപ്പെടുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യവസ്ഥയനുസരിച്ച് നെല്‍ സംഭരണം മറ്റ് ജില്ലകളില്‍ പുരോഗമിക്കുമ്പോഴാണ് കോട്ടയത്ത് ചില മില്ലുടമകള്‍ കര്‍ഷകരെ വലയ്ക്കുന്ന രീതിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.

ഒരു ക്വിന്റല്‍ നെല്ലില്‍ 17 ശതമാനംവരെയാണ് അനുവദനീയമായ ജലാംശം. ഇതില്‍ കൂടിയാല്‍ സാധാരണയായി 4 കിലോ കിഴിവില്‍ നെല്ലെടുക്കുകയാണ് പതിവ് രീതി. പക്ഷെ ക്വിന്റലില്‍നിന്ന് പത്തുമുതല്‍ പതിനഞ്ചുകിലോ വരെ കൂടിയ കിഴിവ് മില്ലുകള്‍ ആവശ്യപ്പെടുന്നതാണ് കര്‍ഷകരെ വലയക്കുന്നത്.

മില്ലുകാര്‍ക്കൊപ്പം ചേര്‍ന്ന് ഉദ്യോഗസ്ഥരും നെല്‍സംഭരണത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന സുഗമമായ വ്യവസ്ഥകള്‍ അട്ടിമറിച്ചിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷം 22 രൂപ.50 പൈസ നിരക്കിലായിരുന്നു സംഭരണമെങ്കില്‍ ഇത്തവണ 23 രൂപ 30 പൈസയാക്കി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മില്ലുകളുടെ കടുംപിടുത്തം മൂലം നിരക്കുവര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കാതെ പോകും.

ഈ സാഹചര്യത്തില്‍ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കേരള കര്‍ഷകസംഘം കോട്ടയം ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ കോട്ടയം സപ്ളൈക്കോ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

നെല്ല് കളത്തില്‍ കിടക്കുന്തോറും മഴ പെയ്താല്‍ ജലാംശം കൂടും. അത് കര്‍ഷകര്‍ക്ക് കനത്ത നഷ്ടം വരുത്തും. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖയില്‍ പ്രതിസന്ധി മൂലം 4500 ക്വിന്റല്‍ നെല്ലാണ് കെട്ടികിടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here