ആധാറില്ലെങ്കില്‍ അബോര്‍ഷനുമില്ല; വ്യാജനെ തേടിയ യുവതി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ അബോര്‍ഷന്‍ നിഷേധിക്കപ്പെട്ട യുവതി വ്യാജ ഡോക്ടറുടെ ചികിത്സയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍.

മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ 28കാരിയാണ് നാലാമത്തെ ഗര്‍ഭം അലസിപ്പിക്കാന്‍ ചണ്ഡീഗഢിലെ പി ജി ഐ എം ഇ ആര്‍ ആശുപത്രിയിലെത്തിയത്.  രണ്ടര മാസമായിരുന്നു ഗര്‍ഭസ്ഥ ശിശുവിന്റെ പ്രായം. എന്നാല്‍ ആധാര്‍കാര്‍ഡ് ഇല്ലെന്ന കാരണത്താല്‍ സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ചു.

സ്‌കാന്‍ ചെയ്യാനോ അബോര്‍ഷനുള്ള ഓറല്‍ മരുന്നുകള്‍ നല്‍കാനോ ആശുപത്രിക്കാര്‍ തയ്യാറായില്ല. ഇതേ ആവശ്യവുമായി സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ യുവതി എത്തിയെങ്കിലും ഉയര്‍ന്ന ഫീസ് അടയ്‌ക്കേണ്ടി വരുമെന്നറിഞ്ഞ്  പിന്‍വാങ്ങുകയായിരുന്നു. പിന്നീടാണ് ഗര്‍ഭം അലസിപ്പിക്കാനായി യുവതി വ്യാജ ഡോക്ടറുടെ അടുത്തെത്തിയത്.

മുന്‍കരുതലില്ലാതെ നടത്തിയ ഗര്‍ഭഛിദ്രത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ പിന്നീട്
ഗുരുതരാവസ്ഥയില്‍ ചികിത്സ നിഷേധിച്ച സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു. യുവതിയുടെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും അപകടകരമായ നിലയിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

മുന്‍വര്‍ഷങ്ങളില്‍ ഇതേ യുവതി രണ്ട് തവണ ഗര്‍ഭഛിദ്രത്തിന് വിധേയയായിട്ടുണ്ടെന്ന്  സമീപവാസികള്‍ പറയുന്നു. ദിവസവേതനക്കാരനായ ഭര്‍ത്താവ് അറിയാതെയായിരുന്നു ഈ അബോര്‍ഷനുകള്‍.

ഗര്‍ഭഛിദ്രത്തിന് വിസമ്മതിക്കുന്ന ഭര്‍ത്താവ് ഗര്‍ഭ നരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നതായി നേരത്തെ യുവതി
ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. ഝാര്‍ഖണ്ഡില്‍ ആധാറില്ലാത്തതിനെ തുടര്‍ന്ന് റേഷന്‍ നിഷേധിക്കപ്പെട്ട കുടുബം പട്ടിണിമൂലം മരിച്ചതും ഈയിടെയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News