വയലാറും വയലാറും

ജാതി-ജന്മി-നാടുവാഴിത്തത്തിന്റെ അനുഭൂതിലോകത്തെ ആഴത്തില്‍ അടിതകര്‍ത്തും പുനര്‍നിര്‍മിച്ചുമാണ് കമ്യൂണിസ്റ്റ്പ്രസ്ഥാനവും അതിന്റെ കലാവ്യവഹാരങ്ങളും ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ വിശേഷിച്ചും പ്രവര്‍ത്തിച്ചത്.

അത് ജനകീയകലാരൂപമായ നാടകത്തില്‍നിന്ന് മുതലാളിത്തകലാരൂപമായ സിനിമയില്‍ എത്തിയപ്പോള്‍ ക്ഷയിക്കുകയല്ല മുതലാളിത്തവ്യവഹാരങ്ങളുടെ ഊര്‍ജവും വെളിച്ചവും സോഷ്യലിസ്റ്റ് ലോകനിര്‍മിതിക്കനുരൂപമായ അനുഭൂതികളുടെ അടിത്തറയാക്കിത്തീര്‍ക്കുകയായിരുന്നു. സിനിമ വയലാര്‍, ഭാസ്കരന്‍, ഒ എന്‍ വി പ്രഭൃതികളെ വിപ്ളവത്തിന്റെ ഒറ്റുകാരോ വില്‍പ്പനക്കാരോ ആക്കിയില്ല. മറിച്ച് കമ്പോളലോകത്തെ തൊഴിലാളിവര്‍ഗത്തിന്റെ അനുഭൂതിലോകങ്ങള്‍കൊണ്ട് അട്ടിമറിക്കാന്‍ അവര്‍ തീര്‍ത്ത അനുഭൂതിലോകം കാരണമായിത്തീര്‍ന്നു.

അനുഭൂതിലോകത്തിന്റെ ഇടതുവല്‍ക്കരണമെന്നോ ജനായത്തവല്‍ക്കരണമെന്നോ വിളിക്കാവുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു അവര്‍. യാഥാര്‍ഥ്യത്തെ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ തലത്തിലേക്ക് ഉടച്ചുവാര്‍ത്ത് രൂപപ്പെടുത്തുന്ന ക്രിയാനിഷ്ഠമായ ജീവിതപ്രക്രിയയെയാണ് മാര്‍ക്സ് സ്വാതന്ത്യ്രമെന്നുവിളിച്ചത്. ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തെ അനുഭൂതിതലത്തില്‍, സ്വന്തം ഇച്ഛകള്‍ക്കുമേല്‍ സ്വയംനിര്‍ണയാധികാരമുള്ള കര്‍ത്താക്കളാക്കുകയായിരുന്നു ആ ഗാനവ്യവഹാരം.

കമ്യൂണിസ്റ്റ്പ്രസ്ഥാനം ഉരുവപ്പെടുത്തിയ കമ്യൂണിസത്തിന്റെ വൈദ്യുതാന്തരീക്ഷത്തെ അനുഭൂതിലോകംകൊണ്ട് സ്വാഭാവികമാക്കിത്തീര്‍ത്തു വയലാറിന്റെ നാടക/സിനിമാപാട്ടുകള്‍. വയലാറും വയലാറും കേരളചരിത്രത്തിന്റെ രാഷ്ട്രീയരൂപകമായിത്തീരുന്ന സന്ദര്‍ഭമിതാണ്.

കമ്യൂണിസ്റ്റ്, പുരോഗമനസാഹിത്യപ്രസ്ഥാനങ്ങളുടെ ഇടപെടലില്‍ അടിമ മനുഷ്യന്‍, തൊഴിലാളിയായിമാറി. തൊഴിലാളി, പ്രവൃത്തിമൂലധനത്തിന്റെ അടിസ്ഥാനത്തില്‍ പുതുതായി നിര്‍വചിക്കപ്പെട്ട മനുഷ്യനാണ്. നാടുവാഴിത്തം മുതലാളിത്തത്തിലേക്ക് സംക്രമിക്കുന്ന സന്ദര്‍ഭം. സ്വന്തം കാര്യങ്ങള്‍ സ്വയം തീരുമാനിക്കുന്നതോടൊപ്പം ലോകത്തെ സ്വന്തം ഭാവനയില്‍ ഉരുക്കിവാര്‍ക്കുകകൂടി ചെയ്യുന്ന ആത്മശില്‍പ്പിയായ ഈ മനുഷ്യന്‍ അമ്പതുകള്‍മുതലുള്ള ചലച്ചിത്രഗാനങ്ങളില്‍ ഉണര്‍ന്നുനില്‍ക്കുന്നുണ്ട്. സാമൂഹ്യനിര്‍ണയനത്തിന്റെ ഈ യുക്തികള്‍ കേരളീയസംസ്കാരത്തില്‍  പൊതുബോധമായിത്തീര്‍ന്നത് ഗാനവ്യവഹാരത്തിന്റെകൂടി പ്രവര്‍ത്തനഫലമാണ്. കുതിരപ്പുറമേറി കുതിച്ചുവരുന്ന മരണമില്ലാത്ത മനുഷ്യന്‍ മനുഷ്യസ്വാതന്ത്യ്രത്തിന്റെ വിജൃംഭിതബിംബമായി കേരളീയസംസ്കാരത്തില്‍  വ്യാപിച്ചുനിന്നു.

പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു 
ദേവസ്ത്രീയാക്കും
കാടായ കാടുകള്‍ മുഴുവന്‍ ഞാനൊരു
കതിര്‍മണ്ഡപമാക്കും…

(തോക്കുകള്‍ കഥ പറയുന്നു,1968)

പ്രേമം എന്ന ആധുനികവ്യവഹാരത്തിന്റെ ബലം ലോകത്തെ സ്വര്‍ഗമാക്കാന്‍ മനുഷ്യനെ കരുത്തനാക്കുന്നു. ദേശീയതയുടെ സന്ദര്‍ഭത്തില്‍ പ്രേമം വ്യക്തിയില്‍നിന്ന് ദേശത്തിലേക്ക് സംക്രമിക്കുന്നു. വ്യക്തിയുടെ സ്വകാര്യാനുഭവം ദേശീയാനുഭൂതിയായിത്തീരുന്നു. പൌരന്റെ അപരമായി ദേശം ഉയിര്‍ക്കുന്നു. അങ്ങനെ ദേശസ്നേഹം, ദേശീയത എന്നിങ്ങനെ പ്രേമത്തിന് പര്യായങ്ങള്‍ ജനിക്കുന്നു. ഗംഗാ യമുനാ….(ഹോട്ടല്‍ ഹൈറേഞ്ച്,1968) എന്ന പാട്ട് ശ്രദ്ധിക്കുക.

ഈ യാഗശാല തകര്‍ക്കാനെത്തും
സായുധപാണികളേ
കൈയിലുയര്‍ത്തിയ ഗാണ്ഡീവവുമായ്
വരുന്നു ഭാരതപൌരന്‍.

പുതിയ രാഷ്ട്രത്തിനുടമയായ പൌരന്‍ ഉണര്‍ന്നുകഴിഞ്ഞു. രാഷ്ട്രംതന്നെ താന്‍ എന്നു കരുതുന്ന, രാഷ്ട്രത്തിനുവേണ്ടി ആത്മബലിനല്‍കാന്‍ സന്നദ്ധനാണ് ഈ പൌരന്‍. ആത്മവീര്യവും പരിഹാസവുമായാണ് മറ്റൊരു പാട്ടില്‍ ഈ ബോധം ഉയിര്‍ക്കുന്നത്. പരശുരാമന്‍ മഴുവെറിഞ്ഞുനേടിയതല്ല, നദികള്‍ വന്നു തിരുമുല്‍ക്കാഴ്ച നല്‍കിയതല്ല…ഈ മലയാളം(1969) എന്ന് ബ്രാഹ്മണമതം നിര്‍മിച്ചുറപ്പിച്ച ഐതിഹ്യങ്ങളെ മനുഷ്യന്റെ നിര്‍മാണശക്തി മുന്‍നിര്‍ത്തി അടിപിളര്‍ത്തുന്നു. ബ്രാഹ്മണമതത്തിന്റെ ദാനമല്ല കേരളം എന്ന് ചരിത്രത്തിന്റെ കര്‍തൃത്വങ്ങളെ അത് ഉറപ്പിക്കുന്നു. നവോത്ഥാനം രൂപപ്പെടുത്തിയ മനുഷ്യന്റെ ആത്മബലമാണ് ഇത്. യുക്തി, അതിന് കടന്നെത്താനാകാത്ത ഭൂഖണ്ഡങ്ങളിലെന്ന് ഉറപ്പിച്ച ലോകബോധം. അങ്ങനെ, ദേശത്തിന്റെ(ലോകത്തിന്റെയും) നിര്‍മാണവീര്യമായി വളര്‍ന്ന മനുഷ്യന്റെ ആത്മശക്തി ഇരമ്പുന്ന മറ്റൊരു സന്ദര്‍ഭം കാണുക. ബ്രാഹ്മണമതത്തിന്റെയും ജന്മിത്തത്തിന്റെയും പ്രത്യയശാസ്ത്രിമങ്ങളെ ദൃശ്യവല്‍ക്കരിക്കുന്നു ഈ ഗാനം.

മലയാളത്തിലെ മണ്ണുചുവന്നത് 
മുറുക്കിത്തുപ്പീട്ടല്ല -ജന്മികള്‍ 
മുറുക്കിത്തുപ്പീട്ടല്ല
ഈ മണ്ണു ചുവപ്പിച്ചതാര്? ഈ 
മുത്തു മുളപ്പിച്ചതാര്?
പ്രകൃതിയെ രക്തത്തൊടുകുറിചാര്‍ത്തിയ തൊഴിലാളി…

(ഇങ്ക്വിലാബ് സിന്ദാബാദ്, 1971)  എന്ന് പുതിയ മനുഷ്യന്റെ ഉയിര്‍പ്പാണതിന്റെ ബലം. ആത്മശില്‍പ്പിയായ തൊഴിലാളി എന്ന പുതിയ (വര്‍ഗ)മനുഷ്യന്റെ ആത്മഗാഥയാണത്. നിഷേധിയുടെ കുതിച്ചുപായുന്ന മനുഷ്യേച്ഛ പാട്ടായിമാറുന്നു.

പ്രളയപയോധിയില്‍…(മഴക്കാറ്,1973) 
എന്ന പാട്ട് ശ്രദ്ധിക്കുക.
ഇനിയെത്ര വസന്തങ്ങള്‍ കൊഴിഞ്ഞാലും 
ഈ സൌരഭ്യം എനിക്കുമാത്രം… 
മനുഷ്യന്റെ അഭൌതികശരീരമായി പ്രകൃതി നിറസാന്നിധ്യമാകുന്ന ലോകബോധം ഈ പാട്ടില്‍ ഊറിനില്‍ക്കുന്നുണ്ട്. മനുഷ്യനെ പ്രകൃതിയുടെ അപരമായി സ്ഥാപിക്കുന്ന പ്രപഞ്ചബോധം പങ്കിടുന്നു.
മനുഷ്യന്റെ സങ്കല്‍പ്പഗന്ധമില്ലാത്തൊരു 
മന്ത്രമുണ്ടോ വേദമന്ത്രമുണ്ടോ?

മനുഷ്യഭാവന തീര്‍ത്തതല്ലാതെ ഈ ലോകത്ത് മറ്റൊന്നും-ദൈവം പോലും-ഇല്ലെന്ന് ഉറപ്പിക്കുന്നു. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു(അച്ഛനും ബാപ്പയും,1972) എന്ന പാട്ടും ഇതിനോട് ചേര്‍ത്ത് ആലോചിക്കാം. ഇതിഹാസങ്ങള്‍ ജനിക്കുംമുമ്പേ…(ചുവന്ന സന്ധ്യകള്‍,1975) തുടങ്ങിയ ഗാനങ്ങള്‍ ഇതിന്റെ മറുദേശങ്ങള്‍ ആവിഷ്കരിക്കുന്നു. മുതലാളിത്തം ദൈവത്തെ ലോകത്തിന്റെ കേന്ദ്രത്തില്‍നിന്ന് പുറത്താക്കി അവിടെ മനുഷ്യനെ സ്ഥാപിച്ചു. ദൈവത്തിന്റെ മരണം; മനുഷ്യന്റെ ജനനം. (യാന്ത്രികപുനരുല്‍പ്പാദനയുഗത്തിലെ കല എന്ന വാള്‍ട്ടര്‍ ബഞ്ചമിന്റെ പ്രബന്ധം ഓര്‍മിക്കാം) ശാസ്ത്രം, സാങ്കേതികശാസ്ത്രം എന്നിവയുടെ ഉണര്‍ച്ച മനുഷ്യനെ ദ്രഷ്ടാവില്‍നിന്ന് സ്രഷ്ടാവിലേക്ക് ഉദിഗ്രഥിച്ചു.

വണ്ടിക്കാളകളല്ല ഞങ്ങള്‍ 
വണ്ടിക്കാളകളല്ല; 
മരക്കുരിശുമായ് മലകള്‍ ചവിട്ടും 
മനുഷ്യപുത്രന്മാര്‍, 
ഞങ്ങള്‍ മനുഷ്യപുത്രന്മാര്‍!

എന്ന് പാട്ട് അവസാനിക്കുന്നു. ഈ പാട്ട് മനുഷ്യസ്വാതന്ത്യ്രത്തിനായി രക്തസാക്ഷിയായ പഴയൊരു മനുഷ്യന്റെ തിളയ്ക്കുന്ന ഓര്‍മ അടയാളപ്പെടുത്തുന്നു. ഒപ്പം വര്‍ത്തമാനത്തിന്റെ സ്വാതന്ത്യ്രബിംബമായ തൊഴിലാളി എന്ന വര്‍ഗമനുഷ്യനെ ചരിത്രയുക്തിയായി തെളിയിച്ചുണര്‍ത്തുകയുംചെയ്യുന്നു. അങ്ങനെ,  സ്വാതന്ത്യ്രസംഗരങ്ങളുടെ ആദിരൂപങ്ങളെ മതത്തിന്റെ നിഗൂഢലോകങ്ങളില്‍നിന്ന് മനുഷ്യസാധ്യതകളുടെ ചരിത്രത്തിലേക്ക് വിളിച്ചുണര്‍ത്തുന്നു. ദേവലോകത്തിന്റെ അഗ്നി ജനതയ്ക്കായി പിടിച്ചെടുത്ത പ്രൊമിത്യൂസിന്റെ കരള്‍ ഈ പാട്ടിന് ഊര്‍ജമായി നില്‍ക്കുന്നുവെന്നു പറയാം.  ഈ കാഹളനാദത്തിന്റെ സൂചന, ഭൂതകാലത്തിന്റെ സ്വാതന്ത്യ്രബിംബങ്ങളെ വര്‍ത്തമാനത്തിന്റെ മുറ്റത്തിരുത്തി വിചാരണചെയ്യുന്നതോടൊപ്പം വര്‍ഗബോധത്തിന്റെ പുതിയ എടുപ്പുകള്‍ പടുത്തുയര്‍ത്തുകയുംചെയ്യുന്നു.

ആധുനികകേരളത്തെ രൂപപ്പെടുത്തിയ അടിസ്ഥാനവ്യവഹാരങ്ങളില്‍ പ്രഥമവും പ്രധാനവുമാണ് ചലച്ചിത്രഗാനങ്ങള്‍. ജാതിശരീരങ്ങളുടെ അറകള്‍ മാത്രമായി ചുരുങ്ങിക്കഴിഞ്ഞ ഭൂപ്രദേശം കോളനീകരണത്തിലൂടെ കേരളം എന്ന പ്രദേശവും മലയാളി എന്ന ജനതയുമായി പരിണമിച്ചു. കോളനീകരണത്തിന്റെ ഉല്‍പ്പന്നമായി സിനിമ എന്ന കലാവ്യവഹാരം പുതുതായി രൂപംകൊണ്ടു. ജാതിയുടെ അറകള്‍ക്കതീതമായി കേരളത്തിന് പൊതുമണ്ഡലവും പൊതുസംഗീതവും രൂപപ്പെട്ടു.

കോളനീകരണത്തിനുമുമ്പ് കേരളത്തില്‍ ധാരാളം സംഗീതങ്ങളുണ്ടായിരുന്നു. ഓരോ ജാതിക്കും ഉപജാതിക്കും അവരവരുടേതായ സംഗീതം, പാട്ടുകള്‍. ഇവയെല്ലാം അവര്‍ക്കുമാത്രം അവകാശപ്പെട്ടത്. അപ്പോഴും നമുക്ക് ഒരു സംഗീതം ഇല്ലായിരുന്നു. കോളനീകരണം ഒരു പൊതുമണ്ഡലവും കേരളം എന്ന ജനതയും  രൂപപ്പെടുത്തി. അവിടെ ചലച്ചിത്രം എന്ന പുത്തന്‍വ്യവഹാരവും ഉയിരാര്‍ന്നുയര്‍ന്നു. അതിന്റെ ഉല്‍പ്പന്നമെന്ന നിലയില്‍ ചലച്ചിത്രസംഗീതം എന്ന പുതിയ സംഗീതം ഉരുവപ്പെട്ടു. അത് ജാതിഭേദങ്ങള്‍ക്കതീതമായി ഏവര്‍ക്കും പൊതുവായിരുന്നു. അങ്ങനെ നമുക്ക് ഒരു പൊതുസംഗീതവും നാംതന്നെയും ഉണ്ടായിത്തീര്‍ന്നു. അതുകൊണ്ട് ചലച്ചിത്രസംഗീതത്തെ കേരളത്തിന്റെ സംഗീതം എന്നു വിളിക്കാം. ഇത് തികച്ചും ആധുനികം. അതുവഴി നാം കേരളത്തെയും നമ്മെത്തന്നെയും പലവിധം നിര്‍മിച്ചുകൊണ്ടേയിരിക്കുന്നു. അത് കേരളസമൂഹത്തെയും സംസ്കാരത്തെയും ജനായത്തവല്‍ക്കരിച്ചു. അതുകൊണ്ട് അനുഭൂതിലോകങ്ങളുടെ മാറ്റിത്തീര്‍ക്കലിലൂടെ കേരളത്തിന്റെ ഇടതുപക്ഷമനസ്സിനെ രൂപപ്പെടുത്തിയ വിപ്ളവവ്യവഹാരത്തിന്റെ പേരാണ് വയലാര്‍; രണ്ടര്‍ഥത്തിലും

(മലയാളം സര്‍വകലാശാല സംസ്കാര- പൈതൃകപഠനം അസി. പ്രൊഫസറാണ് ലേഖകന്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here