തിരുവനന്തപുരത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; തട്ടിയെടുത്തത് ഒരുലക്ഷം രൂപ

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്. തിരുവനന്തപുരം സ്വദേശി വിനോദ് ജി നായരുടെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ഒരുലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. ഒറ്റതവണ പാസ്‌വേഡ് പോലും കൈമാറാതെ നടന്ന തട്ടിപ്പില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആദ്യ സന്ദേശം ലഭിച്ചപ്പോള്‍ തന്നെ എസ്ബിഐയെ ധരിപ്പിച്ചു

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തിരുവനന്തപുരം സ്വദേശിയായ വിനോദ് ജി.നായരുടെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ഒരുലക്ഷത്തി മൂവായിരം രൂപ തട്ടിയെടുത്തത്. തന്റെ മൊബൈല്‍ ഫോണില്‍ തുടരെ തുടരെ ലഭിച്ച ഫോണ്‍ സന്ദേശം പരിശോധിച്ചപ്പോഴാണ് ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം വിനോദിന് ബോധ്യമായത്.

ആദ്യ സന്ദേശം ലഭിച്ചപ്പോള്‍ തന്നെ എസ്ബിഐയെ ധരിപ്പിച്ചുവെങ്കിലും 14 മിനിട്ടുകള്‍ക്ക് ശേഷമാണ് എസ്ബിഐ അധികൃതര്‍ തന്റെ പരാതി കേട്ടതെന്നും വിനോദ് പറയുന്നു. എസ്ബിഐ അധികൃതരെ വിവരം അറിയിച്ചു വന്നപ്പോഴെക്കും പണം മുഴുവനും തട്ടിപ്പുകാര്‍ കൈക്കലാക്കിയിരുന്നുവെന്നും ഫ്‌ളാറ്റ് നിര്‍മ്മാണ കമ്പനി ജനറല്‍ മാനേജര്‍ വിനോദ് വ്യക്തമാക്കി.

തട്ടിപ്പിനെ കുറിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിനും വിനോദ് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. അടുത്ത കാലത്തായി തലസ്ഥാനത്ത് നടക്കുന്ന ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ ബഹുഭൂരിപക്ഷവും എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡാണെന്നത് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, താന്‍ കഴിഞ്ഞ ദിവസം ആണ് ആധാര്‍കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചതെന്നും വിനോദ് പറഞ്ഞു. എന്നാല്‍ ഒറ്റതവണ പാസ്‌വേര്‍ഡ് പോലും കൈമാറാതെ നടന്ന തട്ടിപ്പില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ആശങ്കയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News