സ്വാശ്രയ കേസില്‍ മാനേജ്‌മെന്റിന്റെ ആവശ്യം ഹൈക്കോടതി തള്ളി; നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാം

കൊച്ചി സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് നിര്‍ണ്ണയിക്കാനുള്ള അവകാശം വേണമെന്ന മാനേജ്‌മെന്റിന്റെ ആവശ്യം ഹൈക്കോടതി തള്ളി. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ രാജേന്ദ്രബാബു കമ്മിറ്റിക്ക് അധികാരമുണ്ടെന്ന വ്യവസ്ഥയും കോടതി ശരിവെച്ചു.

സ്വാശ്രയ കോളജുകളിലെ ഫീസ് നിശ്ചയിക്കാന്‍ രാജേന്ദ്രബാബു കമ്മിറ്റിക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.ക്യാപിറ്റേഷന്‍ ഫീസ് വാങ്ങി മാനേജുമെന്റുകള്‍ അമിതലാഭം ഉണ്ടാക്കുന്നുണ്ടൊ എന്ന് പരിശോധിക്കാന്‍ മാത്രമാണ് കമ്മിറ്റിക്ക് അധികാരമുള്ളു എന്ന മാനേജ്‌മെന്റുകളുടെ വാദവും കോടതി തള്ളി.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ടെന്ന വ്യവസ്ഥ കോടതി ശരിവെച്ചു. ഇക്കാര്യത്തില്‍ മോഡേണ്‍ ഡെന്റല്‍ കോളേജിലെ സുപ്രീംകോടതി വിധി മാനേജ്‌മെന്റുകള്‍ക്ക് ബാധകമാണെന്ന് കോടതി വ്യക്തമാക്കി.

പ്രവേശനം പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവണമെന്ന വ്യവസ്ഥയും ശരിവെച്ചു. അതേസമയം രാജേന്ദ്രബാബു കമ്മിറ്റിയുടെ അധികാരം ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി .

ഹൈക്കോടതി വിധി സര്‍ക്കാറിന് തിരിച്ചടിയല്ലെന്ന് ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. അപ്പീല്‍ പോകണമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here