രാജ്യത്ത് ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവെക്കാനുള്ള ശ്രമം നടക്കുന്നു; കമല്‍ഹാസന്‍

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ലെന്ന് നടന്‍ കമല്‍ഹാസന്‍. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനുളള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്.

എന്നാല്‍ ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണ്. ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു മറുപടിയായാണ് കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കിയത്.

ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ അഭിപ്രായപ്രകടനം. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണ്.

മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നത്. കമല്‍ ഹാസന്‍ പറഞ്ഞു.

സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുമെന്നും ബിജെപി നേതാവ് എച്ച്. രാജയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കമല്‍ഹാസന്‍ എഴുതി.

എന്നാല്‍ കമല്‍ ഹാസന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട് ബിജെപി രംഗതെത്തിയിട്ടുണ്ട്.

താരം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി വക്താവ് നാരായണന്‍ തിരുപ്പതി രംഗതെത്തി. ഹിന്ദുഭൂരിപക്ഷം നിലനില്‍ക്കുന്നകൊണ്ടാണ് രാജ്യത്ത് സമാധാനം പുലരുന്നത്. നാരായണന്‍ തിരുപ്പതി പറഞ്ഞു. പരാമര്‍ശത്തിനെതിരെ ശിവസേനയും രംഗതെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here