പി ജെ ആന്റണി മെമ്മോറിയൽ ഫൗണ്ടേഷൻ നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു; നവംബർ 21 മുതൽ 27 വരെ

ബദൽ നാടക പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പി ജെ ആന്റണി മെമ്മോറിയൽ ഫൗണ്ടേഷൻ നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു.

തൊഴിലാളികളുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും ജീവിത വ്യഥകൾ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുവാനാണ് തന്റെ നാടകങ്ങളിലൂടെ പി ജെ ആന്റണി ശ്രമിച്ചത്. പിജെ ആന്റണി മുറുകെപ്പിടിച്ച ആശയങ്ങളിലധിഷ്ഠിതമായ ഒരു ബദൽ നാടക പ്രസ്ഥാനം വളർത്തിയെടുക്കുക എന്നത് പിജെ ആന്റണി മെമ്മോറിയൽ ഫൗണ്ടേഷന്റെ സ്ഥാപിത ലക്ഷ്യങ്ങളിലൊന്നാണ്.

ആ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു 2015ൽ ആരംഭിച്ച, തെരുവു നാടകങ്ങളുടെ ഉത്സവമായ “തെരുവരങ്ങ്. ” തെരുവരങ്ങിനുണ്ടായ വൻ സ്വീകാര്യതയും ജനപങ്കാളിത്തവും കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ നാടക സംഘങ്ങളുടെ അവതരണവും, യാത്ര തുടരാനുള്ള കരുത്തും ആത്മവിശ്വാസവും ഫൗണ്ടേഷന് പകർന്നു തന്നിട്ടുണ്ട്.

നാടകം എന്നത്, അത് തെരുവിൽ അരങ്ങേറുന്നതാവട്ടെ അല്ലാത്തതാവട്ടെ, കേവലം സൗന്ദര്യത്മക തലത്തിൽ നിന്നു കൊണ്ട് ആസ്വദിക്കപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതുമായ ഒന്നല്ല, മറിച്ച്, ഉള്ളടക്കപരമായി അത് പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന വിഷയവും അതുയർത്തുന്ന രാഷ്ട്രീയവും സുപ്രധാന പരിഗണന അർഹിക്കുന്നതു കൂടിയാണ് എന്ന് ഫൗണ്ടേഷൻ കരുതുന്നു.
വലിയ പണംമുടക്കി നാടകങ്ങളുടെ വേദിയായി മാറിയ, കമ്പോളവൽക്കരിക്കപ്പെട്ട നാടകരംഗത്തിനു ബദലായി, ചെലവു കുറഞ്ഞ, അതേ സമയം സൗന്ദര്യം ഒട്ടും ചോർന്നു പോകാത്ത, ആശയ സമ്പുഷ്ടമായ നാടകങ്ങൾ സൃഷ്ടിക്കുന്നതിന് നാടക പ്രവർത്തകരെ പ്രാപ്തരാക്കേണ്ടതുണ്ട്.

ആ ലക്ഷ്യം മുൻ നിർത്തി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നാടക ക്യാമ്പ് നവംബർ 21 മുതൽ 27 വരെ എറണാകുളം ചെറായിയിലെ സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ വച്ച് നടക്കും. പ്രശസ്ത നാടക സംവിധായകനും കൊൽക്കത്ത ആൾട്ടർനേറ്റ് ലിവിംഗ് തീയേറ്റർ സ്ഥാപകനുമായ പ്രൊബീർ ഗുഹയാണ് ക്യാമ്പ് ഡയറക്റ്റർ .

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നാടക പ്രവർത്തകർ, നാടക രംഗത്തെ പരിചയം കാണിക്കുന്ന പൂർണ്ണ ബയോഡാറ്റ സഹിതം, നവംബർ 15 നകം ” പിജെ ആന്റണി മെമ്മോറിയൽ ഫൗണ്ടേഷൻ, ഇ ആർ ജി റോഡ്, എറണാകുളം നോർത്ത് – 682018 ” എന്ന വിലാസത്തിലോ pjamfkochi@gmail.com എന്ന ഇമെയിലിലോ അപേക്ഷിക്കുക.

തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്കാണ് ക്യാമ്പിൽ പ്രവേശനം അനുവദിക്കുക. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണവും താമസ സൗകര്യവും ഫൗണ്ടേഷൻ ഒരുക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446535006, 8281490845

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News