ഗൂഢാലോചനയ്ക്കു തെളിവ്; ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത; രാജീവ് വധക്കേസില്‍ അഡ്വ സി പി ഉദയഭാനു റിമാന്റില്‍

രാജീവ് വധക്കേസില്‍ അറസ്റ്റിലായ അഡ്വ സി പി ഉദയഭാനുവിനെ ചാലക്കുടി മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ്. ഉദയഭാനുവിനെ ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. ഗൂഢാലോചനയ്ക്കു തെളിവുണ്ടെന്നും ജാമ്യം നല്‍കിയില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

രാജീവിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നാണ് ഉദയഭാനു ചോദ്യം ചെയ്യലില്‍ മറുപടി നല്‍കിയത്. കൊല്ലപ്പെട്ട രാജീവുമായി ഭൂമി ഇടപാടുകള്‍ ഉണ്ടായിരുന്നതായി ഉദയഭാനു ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ലഭിക്കാനുള്ള പണം വാങ്ങിയെടുക്കാന്‍ രേഖകളില്‍ ഒപ്പിടുവാനാണ് രാജീവിനെ ബന്ധിയാക്കിയതെന്നാണ് മൊഴി. കൊലപാതകം ആദ്യ നാല് പ്രതികള്‍ക്ക് പറ്റിയ കയ്യബദ്ധമാണെന്ന് ഉദയഭാനു വ്യക്തമാക്കിയതായി പോലീസ് പറയുന്നു. ചക്കര ജോണിക്ക് നിയമോപദേശം നല്‍കുകമാത്രമാണ് ചെയ്തതെന്ന് ഉദയഭാനു പറഞ്ഞു.

വൈകിട്ട് അഞ്ച് മണിയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഉദയഭാനുവിനെ കോടതിയില്‍ ഹാജരാക്കി. കൊല്ലപ്പെടുന്നതിന് മുമ്പ് രാജീവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഹൈക്കോടതിയിലും നല്‍കിയ പരാതി ഉള്‍പ്പെടെ കേസില്‍ ഉദയഭാനുവിന്റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകളുണ്ടെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കൊലപാതകത്തിനു മുമ്പും ശേഷവും പ്രതികളെ ഫോണില്‍ ബന്ധപ്പെട്ടതും രാജീവിന്റെ മരണം സംബന്ധിച്ച വിവരം ഉദയഭാനു പോലീസിനെ വിളിച്ചറിയിച്ചതും നിര്‍ണായക തെളിവുകളായാണ് പോലീസ് പരിഗണിക്കുന്നത്.

കൊലപാതകത്തിന് ശേഷം പ്രതികളായ ചക്കര ജോണിയുമായും രഞ്ജിത്തുമായും ഉദയഭാനു കൂടിക്കാഴ്ച്ച നടത്തിയതിന് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള തെളിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

സ്ഥലം ഇടപാടുകള്‍ സംബന്ധിച്ച് വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ സംബന്ധിച്ചും സൂചനയുണ്ട്. ഏഴാം പ്രതിയായ ഉദയഭാനുവിന് ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ സ്വാധീനം ഉപയോഗിച്ച് രക്ഷപെടുമെന്നുമുള്ള പോലീസിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്ത ചാലക്കുടി മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് ഉദയഭാനുവിനെ റിമാന്‍ഡ് ചെയ്തു.

പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നതിനാല്‍ ജയിലില്‍ മരുന്ന് ലഭ്യമാക്കണമെന്ന് സി.പി ഉദയഭാനു കോടതിയില്‍ ആവശ്യപ്പെട്ടു. റിമാന്‍ഡിലായ അഡ്വ. സി.പി ഉദയഭാനുവിനെ ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പുകള്‍ക്കുമായി പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News