മംമ്തയ്ക്കും മിയക്കും റിമകല്ലിങ്കലിന്റെ മറുപടി; ജയിലിന് മുന്നില്‍ മുദ്രാവാക്യം മുഴക്കി ലഡു വിതരണം ചെയ്തവരോടും റിമയുടെ ചോദ്യം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമുതല്‍ മലയാള ചലച്ചിത്രമേഖല കലുഷിതമാണ്. മേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തിനും അവകാശങ്ങള്‍ ഉറക്കെപറയാനുമായി വനിതാ താര സംഘടന രൂപീകരിക്കപ്പെട്ടതും ഇതിന് ശേഷമായിരുന്നു.

എന്നാല്‍ സംഘടനയെ സംബന്ധിച്ചടുത്തോളം വനിതാ താരങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. മംമ്താ മോഹന്‍ദാസും ശ്വേത മേനോനും മിയ ജോര്‍ജും പരസ്യമായി അഭിപ്രായവ്യത്യാസം രേഖപ്പെടുത്തി.

മോശം അനുഭവം ഉണ്ടായിട്ടില്ല

ഇത്തരം അഭിപ്രായങ്ങള്‍ക്കെല്ലാം മറുപടിയുമായാണ് നടിയും വനിതാ താരസംഘടനയും സംഘാടകരില്‍ പ്രമുഖയുമായ റിമ കല്ലിംഗല്‍ രംഗത്തെത്തിയത്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് റിമ നിലപാട് വ്യക്തമാക്കിയത്.

മോശമായ അനുഭവം ഇതുവരെ ഉണ്ടായിട്ടില്ലാത്തിനാല്‍ സിനിമയിലെ വുമണ്‍ കളക്ടീവിന്റെ ആവശ്യകതയില്ലെന്നാണ് മംമ്തയും ശ്വേതയും മിയയും നമിതയും പറഞ്ഞത്. തനിക്കും അത്തരം മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് റിമ വ്യക്തമാക്കി.

എന്നാല്‍ ഏതെങ്കിലും വ്യക്തിക്കള്‍ക്ക് മോശം അനുഭവം ഉണ്ടാകുന്നുണ്ടോയെന്ന് നോക്കിയല്ല സംഘടനകള്‍ രൂപികരിക്കുന്നതെന്നും സിനിമാ മേഖലയില്‍ ഒരാള്‍ക്കുപോലും മോശം അനുഭവം ഉണ്ടാകാതിരിക്കാനാണ് വുമണ്‍ കളക്ടീവ് രൂപീകരിച്ചതെന്നും റിമ വിശദീകരിച്ചു.

ലോക സിനിമയെ ഞെട്ടിച്ച ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനെതിരായ ലൈംഗികാരോപണ കേസ് ഒരു വലിയ പാഠമാണെന്നും അവര്‍ ചൂണ്ടികാട്ടി. പ്രതികരിക്കാതിരിക്കുന്നതാണ് എല്ലായിടത്തും പ്രശ്‌നമെന്നും ഒന്നിച്ച് നിന്നാല്‍ ആര്‍ക്കും സ്ത്രീകളെ ഒന്നും ചെയ്യാനാകില്ലെന്നും റിമ വിവരിച്ചു.

നടി ആക്രിമിക്കപ്പെട്ടപ്പോള്‍ അവള്‍ക്കൊപ്പം നില്‍ക്കാത്തവരോട് സഹതാപം മാത്രമേയുള്ളു. അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനും തിരിച്ചറിയാനുമായില്ല. നടിക്കൊപ്പം ആരുമുണ്ടാകില്ലെന്ന പേടിയൊന്നും ഞങ്ങള്‍ക്കില്ലെന്നും റിമ വ്യക്തമാക്കി.

കേസില്‍ അകത്തായ വ്യക്തിക്ക് ജാമ്യം കിട്ടിയപ്പോള്‍ ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് ലഡു വിതരണം ചെയ്തത് വളരെ ചെറിയ മൈനോറിറ്റി മാത്രമാണ്. അതിന്റെ ആയിരം ഇരട്ടി പിന്തുണ നടിക്കുണ്ടെന്ന് ഇവര്‍ മനസ്സിലാക്കണം.

കേരളത്തിലെ സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും അവള്‍ക്കൊപ്പമാണെന്നും റിമ ചൂണ്ടികാട്ടി.,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here