ജിഷ്ണു പ്രണോയിയുടെ കേസില്‍ സിബിഐ നിലപാട് തെറ്റിദ്ധാരണ പരത്തുന്നത്; സിബിഐ പഴിചാരാന്‍ ശ്രമിക്കുന്നു

തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സി.ബി.ഐ.ക്ക് കൈമാറുന്നതില്‍ സര്‍ക്കാര്‍ ഏതൊരു അലംഭാവവും കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.

കേസില്‍ വിജ്ഞാപനം ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ. അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന രീതിയിലുള്ള CBI അഭിഭാഷകന്റെ വാദത്തെ തള്ളിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വസ്തുതകള്‍ വിശദീകരിക്കുന്നത്.

കേസ് സി.ബി.ഐക്ക് കൈമാറാനുളള വിജ്ഞാപനവും എന്തുകൊണ്ട് ഈ കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്ന് വിശദീകരിക്കുന്ന കുറിപ്പും 2017 ഓഗസ്റ്റ് പത്തിന് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ചിരുന്നു.

നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പേഴ്‌സണല്‍ മന്ത്രാലയത്തെയാണ് അറിയിക്കേണ്ടത് സി.ബി.ഐ.യെ അല്ല. എന്നാല്‍ ഇതു സംബന്ധിച്ച് ഒക്ടോബര്‍ 23-ന് പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയോട് കൂടുതല്‍ ചില വിവരങ്ങള്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്.

ഇതില്‍നിന്ന് മനസ്സിലാവുന്നത് ഒന്നുകില്‍ പേഴ്‌സണല്‍ മന്ത്രാലയം കേരള സര്‍ക്കാരിന്റെ വിജ്ഞാപനം സി.ബി.ഐ.യെ അറിയിച്ചില്ല. അല്ലെങ്കില്‍ സിബിഐ കോടതിയില്‍ ഇക്കാര്യം മറച്ചുവെച്ചു. ഇതിലേതാണ് സംഭവിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വിശദീകരിക്കേണ്ടതാണ്.

കേസ് സിബി.ഐക്ക് കൈമാറുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു അലംഭാവവും കാണിച്ചിട്ടില്ലന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News