എസ്ബിഐ നല്‍കിയ ഉറപ്പുകള്‍ പാഴ്‌വാക്ക്; 25 ദിവസത്തിനിടെ താഴുവീണത് 30 ബ്രാഞ്ചുകള്‍ക്ക്

തിരുവനന്തപുരം: ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കും എസ് ബി ഐ നല്‍കിയ ഉറപ്പുകള്‍ പാഴ് വാക്കാവുന്നു.SBI-SBT ലയനത്തോടെ ബ്രാഞ്ചുകള്‍ അടച്ചു പൂട്ടില്ലെന്ന ഉറപ്പാണ് കാറ്റില്‍ പറത്തുന്നത്.

25 ദിവസത്തിനിടെ സംസ്ഥാനത്ത് താഴ് വീണത് 30 ഓളം ബ്രാഞ്ചുകള്‍ക്ക് . അതാത് പ്രദേശത്തെ മറ്റ് SBI ബാങ്കുകളിലേക്ക് പൂട്ടുന്ന ബ്രാഞ്ചുകളിലെ അക്കൗണ്ടുകള്‍ ലയിപ്പിക്കാനും തീരുമാനം.

കേരളത്തില്‍ 191 ബ്രാഞ്ചുകള്‍ അടച്ച് പൂട്ടുന്നതിന് വേണ്ടി മാത്രം പ്രത്യേക ടാസ്‌ക് ഫോഴ്‌സ് എസ്ബിഐ രൂപീകരിച്ചു. SBI-SBT ലയനത്തോടെ ശൃഖലക്ക് കീഴിലെ ഒരു ബ്രാഞ്ചും അടച്ച് പൂട്ടില്ലെന്നതായിരുന്നു അന്നത്തെ എസ്ബി ഐ ചെയര്‍പേഴ്‌സണായിരുന്ന അരുന്ധതി ബട്ടാചര്യ മാധ്യമങ്ങള്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയ ഉറപ്പ് .

ജീവനക്കാരുടെ എണ്ണം വെട്ടികുറക്കില്ലെന്നും താല്‍കാലിക ജീവനക്കാരുടെ കാര്യത്തില്‍ അനുഭാവപൂര്‍വം പരിഗണനയുണ്ടാകുമെന്നായിരുന്നു മാനേജ്‌മെന്റിന്റെ ഉറപ്പ് .എന്നാല്‍ അതൊക്കെ കാര്യസാധ്യത്തിന് വേണ്ടി മാത്രം പറഞ്ഞ പാഴ് വാക്കുകളാണെന്ന് തെളിയുകയാണ്.

കഴിഞ്ഞ മാസം ഒക്ടോബര്‍ 9 ശേഷം മാത്രം 30 ലേറെ എസ്ബിഐ ബ്രാഞ്ചുകള്‍ക്ക് താഴ് വീണ് കഴിഞ്ഞു.പൂട്ടിയവയില്‍ അധികവും പഴയ എസ്ബിടി ബാങ്കുകള്‍ ആണെന്നതാണ് സത്യം.

അടച്ച് പൂട്ടിയ ശേഷം പൂട്ടുന്ന ബ്രാഞ്ചിലെ അക്കൗണ്ടുകള്‍ അടുത്തുളള എസ് ബി ഐ ബ്രാഞ്ചിലേക്ക് മാറ്റും. ജീവനക്കാരാടോട് അടുത്തുളള ബ്രാഞ്ചിലേക്ക് മാറാനും ഉത്തരവില്‍ പറയും.

അടുപ്പിച്ച് അവധി വരുന്ന ദിവസങ്ങള്‍ നോക്കിയാണ് ഇത്തരത്തില്‍ ബ്രാങ്കുകളെ തമ്മില്‍ ലയിപ്പിക്കുന്നത്. ചെങ്ങന്നൂര്‍ വെണ്‍മണിയിലെ എസ്ബിഐ ശാഖ ഇത്തരത്തില്‍ വെളളിയാഴ്ച്ച അടച്ച് പൂട്ടി.

തിങ്കളാഴ്ച്ച മറ്റൊരു സ്ഥലത്ത് തുറന്നു. ബ്രാഞ്ചുകള്‍ അടച്ച് പൂട്ടുന്നതിന് വേണ്ടി മാത്രം പ്രത്യേക ടാസ്‌ക് ഫോഴ്‌സ് എസ്ബിഐ ഒരോ റീജിയണ്‍ കേന്ദ്രീകരിച്ച് ഇതിനായി മാത്രം രൂപീകരിച്ചിട്ടുണ്ട്.

അക്കൗണ്ടുകളും , പണവും ,ഓഫീസ് സാധനങ്ങളും അടക്കം ഒറ്റ രാത്രി കൊണ്ട് മറ്റൊരു കേന്ദ്രത്തിലെത്തിക്കുക എന്നാതാണ് ഇവരുടെ ജോലി. പത്ര പരസ്യം അടക്കം നല്‍കി സാങ്കേതിത്വം ഒക്കെ പൂര്‍ത്തികരിച്ച ശേഷമാണ് ബ്രാഞ്ച് മറ്റൊരു ബ്രാഞ്ചിലേക്ക് ലയിപ്പിക്കുന്നതും,പഴയത് അടച്ച് പൂട്ടുന്നതും.

കേരളത്തില്‍ 191 ബ്രാഞ്ചുകള്‍ ഇത്തരത്തില്‍ അടച്ച് പൂട്ടുന്നതിനാണ് എസ്ബിഐയുടെ ധാരണ.മുന്‍ ധാരണയില്‍ നിന്ന് വിഭിന്നമായി ബ്രാഞ്ചുകള്‍ അടച്ച് പൂട്ടുന്നതില്‍ ജീവനക്കാര്‍ക്കും, ഇടപാടുകര്‍ക്കും കടുത്ത അമര്‍ഷം ആണ് ഉളളത്.

ബ്രാഞ്ചുകള്‍ അടച്ച് പൂട്ടിയ ശേഷം ജീവനക്കാരെ വെട്ടികുറക്കുന്ന നടപടികളിലേക്ക് എസ്ബിഐ കടന്നേക്കും എന്ന ഭയവും ജീവനക്കാര്‍ക്ക് ഉണ്ട് .

എന്നാല്‍ മാനേജ്‌മെന്റിനെ ഭയന്ന് സമരരംഗത്തേക്ക് ഇറങ്ങാന്‍ ജീവനക്കാരും മടിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here