ഹിന്ദുത്വ തീവ്രവാദികളുടെ ആക്രോശങ്ങള്‍ നടുക്കമുളവാക്കുന്നു;കമല്‍ഹാസന് എതിരെ കൊലവിളി മുഴങ്ങുന്നെങ്കില്‍ ശരാശരി ഇന്ത്യക്കാരന്റെ അവസ്ഥയെന്താകും; എംഎ ബേബി

രാജ്യത്തിന്റെ അഭിമാനമായ കമല്‍ഹാസനെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ മുഴക്കുന്ന വധഭീഷണി ആക്രോശങ്ങള്‍ ഏതൊരു ജനാധിപത്യ വിശ്വാസിയിലും നടുക്കമുളവാക്കും.

ഒക്ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി റഷ്യയില്‍ ചില പരിപാടികളില്‍ പങ്കെടുക്കുമ്പോഴാണ് കമല്‍ഹാസനെതിരേയുള്ള ആക്രോശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.

കമലിനെപ്പോലെയുള്ള ഒരു ശ്രേഷ്ഠകലാകാരനെതിരെ ഇത്തരം കൊലവിളികള്‍ മുഴങ്ങുന്നുണ്ടെങ്കില്‍ ഒരു ശരാശരി ഇന്ത്യക്കാരന്റെ അവസ്ഥയെന്താകും. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ വിശ്വാസധാരയാണ് ജനാധിപത്യത്തെയും ബഹുസ്വരതയെയും ഇങ്ങനെ കശാപ്പു ചെയ്യുന്നത്.

നമ്മുടെ ജനാധിപത്യ വ്യവസ്ഥക്കെതിരെ ഉയരുന്ന ഏതൊരു വെല്ലുവിളിയേയും ചെറുത്തു തോല്‍പ്പിക്കണമെന്നാണ് കമല്‍ പറഞ്ഞത്. ഭീകരതക്ക് പ്രത്യേകിച്ചൊരു ജാതിയോ മതമോ ഇല്ല, അത് സര്‍വ്വ വ്യാപിയാണെന്നും ആര്‍ക്കാണറിയാത്തത്.

ഒട്ടേറെ സാമൂഹ്യ-നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വിളനിലമായിരുന്ന തമിഴ്‌നാടിന്റെ മണ്ണില്‍പ്പോലും ഹിന്ദുത്വ തീവ്രവാദം തലപൊക്കുന്നു എന്ന് കമല്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കില്‍ അത് അര്‍ത്ഥ സമ്പൂര്‍ണ്ണമായ ജാഗ്രതപ്പെടുത്തലാണ്.

കലാകാരനോടൊപ്പം സാമൂഹിക നിരീക്ഷകനും ആക്ടിവിസ്റ്റുമായ കമല്‍ അനുഷ്ഠിക്കുന്ന ഈ ദൗത്യം ശ്ളാഘനീയമാണ്. വര്‍ഗീയ കോമരങ്ങളുടെ പേ പിടിച്ച ജല്‍പ്പനങ്ങള്‍ക്കും ആക്രോശങ്ങള്‍ക്കും കമല്‍ എന്ന ധീരനെ ഭയപ്പെടുത്താന്‍ കഴിയില്ല.

അതേ സമയം എല്ലാ ജനാധിപത്യ വിശ്വാസികളും ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായി അണിനിരക്കുകയും വേണം. രാജ്യത്തിന്റെ ഈ ദുര്‍ഗതിയെക്കുറിച്ചു പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും എന്ത് പറയുന്നു എന്നറിയാന്‍ നമുക്കെല്ലാം ആഗ്രഹമുണ്ട്.

കമലിന്റെ മുന്നറിയിപ്പും ജാഗ്രതപ്പെടുത്തലും വര്‍ഗീയതക്കെതിരെയുള്ള മഹാപ്രസ്ഥാനത്തിന് ഇഴ കോര്‍ക്കാന്‍ വഴി വെക്കട്ടെ എന്നാശംസിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News