ഹര്‍ഭജന്‍ സിങ് ഓടിവന്നു കെട്ടിപ്പിടിച്ചപ്പോള്‍ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല; പൊട്ടിക്കരഞ്ഞ നിമിഷത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മിസ്റ്റര്‍ കൂള്‍

മിസ്റ്റര്‍ കൂള്‍ എന്നാണ് മഹേന്ദ്ര സിങ് ധോണി അറിയപ്പെടുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും പതറാതെ നില്‍ക്കുന്ന കളിക്കാരന്‍.

അമിതമായ വികാര പ്രകടനങ്ങള്‍ക്ക് ധോണി നില്‍ക്കാറില്ല സഹതാരങ്ങള്‍  ആഹ്ലാദിക്കുമ്പോഴും ധോണി എല്ലാം ഒരു ചിരിയില്‍ ഒതുക്കും. പക്ഷേ കളിക്കളത്തില്‍ താന്‍ പൊട്ടിക്കരഞ്ഞ നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി.

2011 ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോഴാണ് സന്തോഷം അടക്കാനാവാതെ ധോണി കരഞ്ഞത്. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയത്.

ധോണി ഉയര്‍ത്തിയ സിക്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇതു കണ്ട സച്ചിന്‍ തെന്‍ഡുക്കര്‍, യുവരാജ് സിങ്, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ് തുടങ്ങിയ താരങ്ങളെല്ലാം സന്തോഷം അടക്കാനാവാതെ കരഞ്ഞുപോയി. പക്ഷേ ഇതിനിടയില്‍ ധോണിയും കരഞ്ഞിരുന്നു.

എന്നാല്‍ ക്യാമറക്കണ്ണുകള്‍ക്ക് ധോണിയുടെ കണ്ണുനീര്‍ പകര്‍ത്താനായില്ല. മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ‘ഡെമോക്രസി ഇലവന്‍’ എന്ന പുസ്തകത്തിലാണ് ധോണി താന്‍ കരഞ്ഞതിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

പുസ്തകത്തില്‍ ധോണി പറയുന്നതിങ്ങനെ ‘ലോകകപ്പ് വിജയിച്ചുവെങ്കിലും ഞാന്‍ എന്റെ വികാരങ്ങളെയെല്ലാം പിടിച്ചുനിര്‍ത്തുകയായിരുന്നു.

പക്ഷേ ഹര്‍ഭജന്‍ സിങ് എന്നെ ഓടിവന്നു കെട്ടിപ്പിടിച്ചപ്പോള്‍ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. ഞാന്‍ പെട്ടെന്ന് കരഞ്ഞുപോയി. ഉടന്‍തന്നെ ഞാന്‍ തല താഴ്ത്തിപ്പിടിച്ചു. അതിനാല്‍ ഞാന്‍ കരയുന്നത് ആരും കണ്ടില്ല”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel