രാജ്‌കോട്ടില്‍ ഇന്ത്യക്ക് അടി പതറി; ന്യൂസിലാന്‍ഡിന് ഉജ്ജ്വല ജയം

ഇന്ത്യക്കെതിരായുള്ള രണ്ടാമത്തെ ട്വന്റി 20യില്‍ ന്യൂസിലാന്‍ഡിന് ഉജ്ജ്വല ജയം. 40 റണ്‍സിനാണ് ന്യൂസിലാന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്.

ന്യൂസിലാന്‍ഡിന്റെ 196 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് മാത്രമേ എടുക്കാന്‍ ആയുള്ളൂ. രാജ്‌കോട്ടില്‍ തുടക്കം തന്നെ പതറിയാണ് ഇന്ത്യയിറങ്ങിയത്.

ന്യൂസിലാന്‍ഡിന്റെ 196 റണ്‍സ് മറികടക്കാന്‍ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാര്‍ നഷ്ടമായി. 1 റണ്‍സ് എടുത്ത ശിഖര്‍ ധവാനും 5 റണ്‍സ് എടുത്ത രോഹിത് ശര്‍മയും പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.

തുടര്‍ന്ന് വന്ന കോഹ്ലിയും ശ്രേയസ് അയ്യരും ഇന്ത്യന്‍ സ്‌കോര്‍ 65 കടത്തിയെങ്കിലും രണ്ട് റണ്‍സിനിടെ അയ്യരും പാണ്ട്യയും ഔട്ട് ആയതോടെ ഇന്ത്യന്‍ ടീം സമ്മര്‍ദ്ദത്തിലായി.42 പന്തില്‍ നിന്ന് 65 റണ്‍സ് എടുത്ത കോഹ്ലിക്ക് മാത്രമേ ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞുള്ളു.

അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ്ങിന് ധോണി ശ്രമിച്ചെങ്കിലും ഇന്ത്യയുടെ തോല്‍വി ഒഴിവാക്കാനായില്ല.അവസാന ഓവറുകളില്‍ ധോണിയുടെ ബാറ്റില്‍ നിന്ന് റണ്‍സ് വന്നെങ്കിലും മത്സരത്തിലേക്ക് ഇന്ത്യയുടെ തിരിച്ചുവരവിനുള്ള സമയം കഴിഞ്ഞിരുന്നു.

അവസാന ഓവറില്‍ ധോണി പുറത്താവുമ്പോള്‍ 37 പന്തില്‍ 49 റണ്‍സ് എടുത്തിരുന്നു. ന്യൂസിലാന്‍ഡിന് വേണ്ടി 4 ഓവറില്‍ 34 റണ്‍സ് വഴങ്ങി ബോള്‍ട്ട് നാല് വിക്കറ്റ് നേടി.54 പന്തില്‍ സെഞ്ചുറി നേടിയ മണ്‍ട്രോയാണ് ന്യൂസിലാന്റിന്റെ വിജയം എളുപ്പമാക്കിയത്.

ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാറും ബുംറയും മികച്ച രീതിയില്‍ ബൗള്‍ ചെയ്തെങ്കിലും ബാക്കി ആര്‍ക്കും ന്യൂസിലാന്‍ഡ് ബാറ്റിങ് നിരക്ക് വെല്ലുവിളി സൃഷ്ടിക്കാനായില്ല.

പരമ്പര 1-1 ന് സമനിലയിലായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന അവസാന മത്സരം നിര്‍ണ്ണായകമാവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News