ക്രിക്കറ്റിനു സ്വാഗതം; മയക്കുമരുന്നിനു വിട; കേരള പൊലീസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനില്‍ ഇന്ത്യന്‍ ടീമും അണിചേരും

തിരുവനന്തപുരം:  കേരള പോലീസ്‌ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കേരള ക്രിക്കറ്റ്‌ അസ്സോസിയേഷനുമായി ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന ‘ക്രിക്കറ്റിനു സ്വാഗതം, മയക്കുമരുന്നിനു വിട’ (‘Yes to cricket No to drugs’.) പരിപാടി നാളെ നടക്കും.

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സ്‌പോര്‍ട്‌സിലേയ്‌ക്കും അനുബന്ധപ്രവര്‍ത്തനങ്ങളിലേയ്‌ക്കും ശ്രദ്ധ തിരിച്ച്‌ മയക്കുമരുന്നിന്റെ ഇരകളാകുന്ന പ്രവണതയില്‍ നിന്ന്‌ മുക്തരാക്കുകയെന്നതാണ്‌ ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്‌.

പതിനയ്യായിരത്തോളം കുട്ടികളേയും കോളേജ്‌ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച്‌ ബൃഹത്തായ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ്‌ ഈ സംരംഭത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നതെന്ന്‌ സംസ്ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹറ പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്യും. കുട്ടികള്‍ക്ക്‌ ലഹരിവിരുദ്ധ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുക്കും.

വിരാട്‌ കൊഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീമും പരിപാടികളില്‍ ഭാഗമാകും. പ്രശസ്‌ത മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടിന്റെ ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന മാജിക്കും, സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റുകള്‍ അവതരിപ്പിക്കുന്ന ഡാന്‍സും, ദൃശ്യവിസ്‌മയവും ഉണ്ടാകും.

ഇന്ത്യന്‍ വ്യോമസേന ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന പ്രത്യേക ആകാശകാഴ്‌ച്ചയും ഒരുക്കും. പരിപാടിയില്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാമെന്ന്‌ ഐ.ജി. മനോജ്‌ എബ്രഹാം അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here