ശാസ്ത്ര വിരുദ്ധത പ്രചരിക്കുന്ന കാലത്തെപ്പറ്റി ജോജി കൂട്ടുമ്മേല്‍

നവംബര്‍ ഏഴ് ചരിത്രത്തില്‍ നക്ഷത്രശോഭയുള്ള ഒരു ദിനമാണ്. ജനപദങ്ങള്‍ക്കുമുമ്പേ സഞ്ചരിക്കുന്ന ദീപസ്തംഭംപോലെ അത് ചരിത്രത്തിന് വഴികാട്ടുന്നു. നവംബര്‍ ഏഴ് സോവിയറ്റ് വിപ്‌ളവത്തിന്റെ വാര്‍ഷികദിനമാണ്.

ഇക്കൊല്ലം അത് നൂറാം വാര്‍ഷികദിനമാണെന്ന സവിശേഷതകൂടിയുണ്ട്. ഈ ദിനത്തിന്റെ പ്രസക്തിയും പ്രാധാന്യവും എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍, ഇവിടെ പറയാന്‍പോകുന്നത് നവംബറിന്റെ മറ്റ് ചില പ്രാധാന്യത്തെക്കുറിച്ചാണ്.

നവംബര്‍ ഏഴ് പ്രശസ്ത ശാസ്ത്രജ്ഞ മേരി ക്യൂറിയുടെ ജന്മദിനമാണ്. ഇക്കൊല്ലം മേരി ക്യൂറിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികദിനമാണെന്നത് അതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

നൊബേല്‍ സമ്മാനജേതാവായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സി വി രാമന്റെ ജന്മദിനംകൂടിയാണീദിനം. ഏഴ് മാത്രമല്ല നവംബറിന്റെ വിലപിടിച്ച ദിനം. നവംബര്‍ പതിനാല് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ്.

ഒരര്‍ഥത്തില്‍ നവംബര്‍ ഏഴിന്റെ തുടര്‍ച്ചയോ പൂരണമോ ആണ് നവംബര്‍ പതിനാല്. മേരി ക്യൂറിയുടെയും സി വി രാമന്റെയും പാരമ്പര്യത്തില്‍ കാലൂന്നിയാണ് പണ്ഡിറ്റ്ജിയുടെയും നില്‍പ്പ്.

ഇന്ത്യന്‍ ജനതയില്‍ ശാസ്ത്രാവബോധം പകര്‍ന്നുനല്‍കുന്നതിന് അദ്ദേഹം നടത്തിയ ശ്രമം വളരെ വലുതാണ്. ഇംഗ്‌ളീഷ് ഭാഷയില്‍ സയിന്റിഫിക് ടെമ്പര്‍ എന്ന പദംതന്നെ അദ്ദേഹത്തിന്റെ സംഭാവനയാണ്.

ശാസ്ത്രാവബോധം എന്ന് ആ പദത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താം. കപടശാസ്ത്രങ്ങള്‍ക്കും ശാസ്ത്രവിരുദ്ധതയ്ക്കുമെതിരെ നിരന്തരം പൊരുതുന്നതിന്റെ ഭാഗമായാണ് ഭാഷയില്‍വരെ നടത്തിയ ഇടപെടല്‍.

ശാസ്ത്രബോധത്തിന്റെ വ്യാപനം യഥാര്‍ഥത്തില്‍ നമ്മുടെ നവോത്ഥാനത്തിന്റെ തുടര്‍ച്ചയായിരുന്നു.

മേരി ക്യൂറി എന്ന നാമം റേഡിയം കണ്ടുപിടിച്ചതാര് എന്ന ക്വിസ് ചോദ്യത്തിന്റെ ഒറ്റവാക്കിലുള്ള ഉത്തരം മാത്രമല്ല; സ്വന്തം ഭാഷയും സംസ്‌കാരവും പഠിക്കാനുള്ള അവസരം നിഷേധിച്ച സര്‍ ചക്രവര്‍ത്തിയുടെ ഭരണത്തിനെതിരെ ജീവിതംകൊണ്ട് പ്രതിഷേധിച്ച ഒരു പോരാളികൂടിയായിരുന്നു അവര്‍.

മേരി ജനിച്ച പോളണ്ട് അക്കാലത്ത് റഷ്യന്‍ സര്‍ ചക്രവര്‍ത്തിയുടെ ആധിപത്യത്തിന്‍ കീഴിലായിരുന്നല്ലോ? സര്‍ ആകട്ടെ പോളണ്ടിലെ ജനതയ്ക്ക് സ്വന്തം ഭാഷയും സംസ്‌കാരവും പഠിക്കാനുള്ള അവസരം നിഷേധിക്കുകയും വിദ്യാലയങ്ങളില്‍ റഷ്യന്‍ഭാഷയും സംസ്‌കാരവും അടിച്ചേല്‍പ്പിക്കുകയുംചെയ്തു.

മേരിയാണെങ്കില്‍ വിദ്യാര്‍ഥിജീവിതകാലത്തുതന്നെ ഇതിനെതിരെ പോരാട്ടം തുടങ്ങി. മറ്റൊന്ന്, പോളണ്ടില്‍ അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് ശാസ്ത്രപഠനം നിഷേധിച്ചിരുന്നു എന്നതും അത് മറികടക്കാന്‍ മേരി പഠനത്തിനായി ഫ്രാന്‍സിലേക്ക് പോയി എന്നതുമാണ്.

ഒരുപക്ഷേ ജീവിതാവസാനംവരെ സ്ത്രീ എന്ന നിലയിലുള്ള വിവേചനം അനുഭവിച്ചിരുന്നൂ, മേരി. നൊബേല്‍ പുരസ്‌കാരം നേടിയിട്ടും ഈ വിവേചനത്തില്‍നിന്ന് അവര്‍ക്ക് വിടുതല്‍ ലഭിച്ചില്ല. താന്‍ കണ്ടെത്തിയ റേഡിയം ലോഹത്തിന്റെ ഉല്‍പ്പാദനരീതി പേറ്റന്റ് ചെയ്ത് സ്വന്തമാക്കാനോ അതില്‍നിന്ന് സാമ്പത്തികലാഭം നേടാനോ മേരി ശ്രമിച്ചില്ല.

അതിന്റെ ബൌദ്ധികസ്വത്തവകാശം പൂര്‍ണമായും സ്വതന്ത്രമാക്കാനായിരുന്നു തീരുമാനം. മേരിയെ സംബന്ധിച്ച് വിജ്ഞാനം സ്വകാര്യസ്വത്തായിരുന്നില്ല. മറിച്ച് അതൊരു രാഷ്ട്രീയായുധമായിരുന്നു. അതിന്റെ ലക്ഷ്യം വിമോചനവും.

വര്‍ത്തമാനകാലം സി വി രാമന്റെയും നെഹ്‌റുവിന്റെയും മേരിക്യൂറിയുടെയും ശാസ്ത്രപാരമ്പര്യത്തില്‍നിന്നകന്നു. ഇന്ത്യയിലെവിടെയും ആള്‍ദൈവങ്ങള്‍ മുളച്ചുപൊന്തുന്നു.

അവര്‍ സമൂഹത്തിന്റെമേല്‍ ആധിപത്യം നേടുന്നു. ആഗോളവല്‍ക്കരണ വികസന നയങ്ങള്‍ ദരിദ്രജനവിഭാഗത്തിന്റെ ജീവിതദുരിതം വര്‍ധിപ്പിക്കുകയും മധ്യവര്‍ഗസമൂഹത്തിന്റെ ജീവിതത്തില്‍ അരക്ഷിതാവസ്ഥ പടര്‍ത്തുകയുംചെയ്യുന്നു.

ഭാവിയെക്കുറിച്ചുള്ള ആശങ്ക നിഴല്‍പോലെ ഓരോരുത്തരുടെയും ഒപ്പമുണ്ട്. ഭാവി സുരക്ഷിതമാക്കാന്‍ പ്രത്യക്ഷത്തില്‍ കാണാന്‍കഴിയുന്ന ‘ദൈവസഹായ’മുണ്ടങ്കിലേപറ്റൂ, എന്നവര്‍ കരുതുന്നു. ജീവിതപ്രയാസങ്ങളില്‍നിന്ന് രക്ഷപെടുന്നതിന് അമാനുഷികശക്തികളെ ആശ്രയിക്കുന്ന പ്രവണതയും വര്‍ധിച്ചു.

ഇതോടെ പുതിയ അന്ധവിശ്വാസങ്ങള്‍ രൂപംകൊള്ളുന്നു. സത്യാന്വേഷണത്തിന് ശാസ്ത്രത്തിന്റെ രീതിക്ക് പകരം ജ്യോതിഷവും പ്രശ്‌നംവയ്ക്കലും മഷിനോട്ടവും വരുന്നു. രോഗപ്രതിരോധത്തിന് ആധുനികചികിത്സയും പ്രതിരോധ വാക്‌സിനുമൊന്നുമല്ല, മന്ത്രവാദവും മന്ത്രിച്ചൂതിയ വെള്ളവുമൊക്കയാണ് വേണ്ടതെന്ന പ്രചാരണം ശക്തമാകുന്നു.

കൃഷിക്ക് മെച്ചപ്പെട്ട വിളവ് ലഭിക്കുന്നതിന് ശാസ്ത്രീയരീതി അവലംബിക്കുന്നതിനുപകരം പഞ്ചഗവ്യം ഉപയോഗിക്കുകയാണ് വേണ്ടതെന്ന് അക്കാദമിക് സ്ഥാപനങ്ങള്‍പോലും പ്രചരിപ്പിക്കുന്നു.

ആള്‍ദൈവങ്ങളുടെ വര്‍ധിക്കുന്ന സ്വാധീനം സാമ്പത്തികചൂഷണത്തിനും ലൈംഗികാതിക്രമത്തിനും ഉപയോഗിക്കപ്പെടുന്നു. മിത്തുകളെ ചരിത്രമാക്കി വ്യാഖ്യാനിക്കുകയും ഐതിഹ്യങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കി ഗവേഷണം നടത്തുകയുംചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഏഴായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍ ഗ്രഹാന്തരയാത്രകള്‍ നടത്താന്‍ കഴിവുള്ള വിമാനം ഉണ്ടായിരുന്നു എന്നും ഗണപതിയുടെ തല പുരാതനഭാരതത്തിലെ പ്‌ളാസ്റ്റിക് സര്‍ജറിയുടെ ഉദാഹരണമാണെന്നും നൂറ്റവരായ കൌരവരുടെ ജന്മം ടെസ്റ്റ് ട്യൂബ് ശിശുക്കളുടെ ജനനത്തിന്റെ തെളിവാണെന്നും വാദിക്കുമ്പോള്‍ ശാസ്ത്രത്തെ മാത്രമല്ല,

ശാസ്ത്രത്തിന്റെ വികാസപരിണാമങ്ങളുടെ ചരിത്രത്തെയും അതിന്റെ കാലപ്പൊരുത്തങ്ങളെയുംകൂടിയാണ് നിരസിക്കുന്നത്. ഇത് അറിവില്ലായ്മയില്‍നിന്നുണ്ടാകുന്നതല്ല, മറിച്ച് ശാസ്ത്രബോധത്തെയും യുക്തിചിന്തയെയും നിഷേധിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണ്.

ശാസ്ത്രബോധമില്ലാത്ത ഒരു ജനതയുടെമേല്‍ ഏകാധിപത്യപരമായ ഭരണകൂടതീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ എളുപ്പമാണ്. യുക്തിസഹമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത ഒരു ജനതയ്ക്ക് പ്രശ്‌നങ്ങളെ വിശകലനംചെയ്യാനോ അവയ്ക്ക് പരിഹാരം നിര്‍ദേശിക്കാനോ കഴിയില്ല. ഇത് നന്നായി അറിയാവുന്നത് മതഫാസിസ്റ്റുകള്‍ക്കുതന്നെയാണ്.

മാനവവിമോചനത്തിനും സാമൂഹ്യപുരോഗതിക്കും അടിത്തറയായ ശാസ്ത്രബോധത്തെ നിരാകരിക്കുകവഴി പഴയ ചാതുര്‍വര്‍ണ്യത്തെ തിരിച്ച് കൊണ്ടുവരാമെന്നും ഹൈന്ദവഫാസിസ്റ്റുകള്‍ കരുതുന്നുണ്ടാകും.

അവരോട് ശാസ്ത്രം കെട്ടുകഥയല്ല എന്ന് പറയാന്‍ ഈ നവംബര്‍ ഏഴ് മുതലുള്ള ഒരു വാരക്കാലം ഉപയോഗിക്കാം. മേരി ക്യൂറിയുടെയും ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെയും ജീവിതമാതൃകകള്‍ ഈ പാഠമാണ് നമ്മോട് പറയുന്നത്. എന്നാല്‍, ഇതത്ര എളുപ്പമുള്ള കാര്യമല്ല. ജനങ്ങളുടെ പൊതുബോധത്തില്‍ നിന്ന് ശാസ്ത്രബോധം അകന്നകന്ന് പോകുകയാണ്.

അതിനെ തിരിച്ച് പിടിക്കണം. ചോദ്യംചെയ്യാന്‍ ഭയക്കാതിരിക്കുകയും മൂഢവിശ്വാസങ്ങള്‍ തള്ളിക്കളയുകയുംചെയ്യുന്ന ഒരു ജനസമൂഹം രൂപപ്പെട്ടുവരണം.

ഈ സാമൂഹ്യസ്ഥിതിയിലാണ് ‘കേരളം ശാസ്ത്രത്തോടൊപ്പം’എന്ന മുദ്രാവാക്യം ഉയരുന്നത്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌണ്‍സിലും കേരള ശാസ്ത്രസാഹിത്യ പരിഷത്തുമാണ് പ്രധാന സംഘാടകര്‍.

പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയും വികാസവും ജീവന്റെ ഉല്‍പ്പത്തിയും പരിണാമവും ആഗോളതാപനത്തിന്റെ ശാസ്ത്രവുമൊക്കെയാകും ശാസ്ത്രവാരത്തിലെ മുഖ്യചര്‍ച്ചകള്‍. കലാലയ ക്യാമ്പസുകളില്‍ ശാസ്ത്രസമിതികള്‍ രൂപപ്പെടുത്തുക,

ജൈവകൃഷി, ജനിതകമാറ്റം വരുത്തിയ വിത്തുകള്‍, പ്രതിരോധ കുത്തിവയ്പുകള്‍ എന്നിവ സംബന്ധിച്ച സംവാദങ്ങള്‍ സംഘടിപ്പിക്കുക, ശാസ്ത്രമേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങളും ലിംഗനീതിയും ചര്‍ച്ചാവിഷയമാക്കുക എന്നിവയൊക്കെയാണ് ശാസ്ത്രവാരത്തിലെ പ്രധാനപ്രവര്‍ത്തനങ്ങള്‍.

നവംബര്‍ പതിനാലിന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും ‘കേരള റാലി ഫോര്‍ സയന്‍സ്’ നടക്കും. റാലിയില്‍ ശാസ്ത്രകാരന്മാര്‍, അക്കാദമിക്ക് വിദഗ്ധര്‍, ശാസ്ത്രപ്രചാരകര്‍ എന്നിവരെല്ലാം പങ്കെടുക്കും. കേരളത്തിലെ ശാസ്ത്രപ്രചാരണത്തിന്റെ ചരിത്രത്തില്‍ ഇതൊരു വലിയ മുന്നേറ്റമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here