ജീവനറ്റ കാട്ടാനക്കുട്ടിയെ വനപാലകര്‍ക്ക്‌ വിട്ട്‌കൊടുക്കാതെ കാവല്‍ നിന്ന കാട്ടാനക്കൂട്ടം; സ്‌നേഹ ബന്ധത്തിന്‍റെ ആഴം മനുഷ്യനെ പഠിപ്പിക്കുകയാണ്‌

മാട്ടുപെട്ടി: നൊന്ത്‌ പ്രസവിച്ച കുഞ്ഞിനെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച്‌ കടന്നുകളയുന്ന മനുഷ്യര്‍ക്ക്‌ വലിയൊരു പാഠമാണ്‌ ഈ കാട്ടാനക്കൂട്ടം. മാട്ടുപ്പെട്ടിക്ക്‌ സമീപത്തെ വനമേഖലയില്‍ നിന്നുള്ള കാഴ്‌ച ആരുടെയും മനസലിയിക്കും.

ഞായറാഴ്‌ച ഉച്ചയോടെയാണ്‌ രണ്ട്‌ വയസുള്ള കുട്ടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്‌.
സംഭവമറിഞ്ഞ്‌ ദേവികുളം ഡിഎഫ്‌ഒയുടെ നേതൃത്വത്തിലുള്ള വനപാലകരും വെറ്ററിനറി ഡോക്ടറുമുള്‍പ്പെടുന്ന സംഘം സ്ഥലത്തെത്തിയെങ്കിലും അടുത്ത്‌ ചെല്ലാന്‍ ആനകള്‍ അനുവദിച്ചില്ല.

കുട്ടിയാനക്ക്‌ ചുറ്റും വലം വെച്ച ആനകള്‍ നിശ്ചലമായി കിടക്കുന്ന കുട്ടിയാനയെ തലോടുന്നതും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതുമാണ്‌ കണ്ട്‌ നിന്നവരുടെ കണ്ണ്‌ നനയിച്ചത്‌ . ഒരുവേള കാട്ടിലേക്ക്‌ കയറിയെങ്കിലും കൊമ്പനും പിടിയാനയും ഉള്‍പ്പെടുന്ന സംഘം വീണ്ടും തിരിച്ചെത്തി.

ആനകള്‍ മടങ്ങാതെ പോസ്‌റ്റ്‌മോര്‍ട്ടമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാകാതെ ഉദ്യോഗസ്ഥര്‍ വലഞ്ഞു. ഒടുവില്‍, സന്ധ്യയോടടുത്ത്‌ കാട്ടാനകള്‍ ഉള്‍ക്കാട്ടിലേക്ക്‌ മടങ്ങിയ ശേഷമാണ്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടറും കുട്ടിയാനയുടെ അരികിലെത്തിയത്‌.

കുട്ടിയാന ചെരിഞ്ഞതുമായി ബന്ധപ്പെട്ട്‌ വിശദമായ അന്വേഷണം നടത്തുമെന്ന്‌ ദേവികുളം ഡിഎഫ്‌ഒ പറഞ്ഞു. അഞ്ച്‌ മാസത്തിനിടെ മൂന്നാറില്‍ മാത്രം ഏഴ്‌ കാട്ടാനകളാണ്‌ ചെരിഞ്ഞത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel