ജാതിവ്യവസ്ഥയെ ശക്തിപ്പെടുത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്രാപിക്കുന്നു; ചെറുത്തുതോല്‍പ്പിക്കണം; മുഖ്യമന്ത്രി പിണറായി

മധുര: ജാതിവ്യവസ്ഥയെ ശക്തിപ്പെടുത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുപകരം അതിനെ തകര്‍ത്ത് മനുഷ്യരെ ഒന്നാക്കുന്നതിനുള്ള പോരാട്ടമാണ് നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മധുരയില്‍ ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ ദേശീയ സമ്മേളനത്തിന്റെ സമാപനപൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ദളിതരും അടിസ്ഥാനവര്‍ഗങ്ങളും നിരവധി പീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സവര്‍ണമേധാവിത്വത്തിനെയും ചാതുര്‍വര്‍ണ്യത്തെയും അംഗീകരിക്കുന്ന ശക്തികളാണ് ഇതിനുപിന്നില്‍. നിര്‍ഭാഗ്യവശാല്‍ ചാതുര്‍വര്‍ണ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ആര്‍എസ്എസാണ് രാജ്യം ഭരിക്കുന്നത്. അതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി ജാതീയമായ അടിച്ചമര്‍ത്തലുകള്‍ നടക്കുന്നത്.

ഇന്ത്യയില്‍ ഓരോ പതിനെട്ട് മിനിറ്റിലും ഒരു ദളിതന്‍ ആക്രമിക്കപ്പെടുന്നുവെന്നാണ് കണക്ക്. ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് നിരവധി ദളിത് പീഡന വാര്‍ത്തകള്‍ നമ്മള്‍ കേട്ടു. പ്രതിവര്‍ഷം രാജ്യത്ത് ദളിത് പീഡനങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് ദേശീയ ക്രൈം ബ്യൂറോ റെക്കോഡ്സിന്റെ കണക്ക്. 2012ല്‍ 33000 ആയിരുന്നത് 2015ല്‍ 45000 ആയി. 2016ലെ കണക്ക് ഇതുവരെ പുറത്തുവിടാത്തത് സംശയമുളവാക്കുന്നു.
ദളിത് പീഡനക്കേസില്‍ ശിക്ഷിക്കപ്പെടുന്നതും കുറവാണ്. 23 ശതമാനം കേസുകള്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. ദളിത് ചിന്തകരെയും എഴുത്തുകാരെയും ആക്രമിക്കുന്നു. പലരെയും നിശ്ശബ്ദരാക്കുന്നു. പെരുമാള്‍ മുരുകന്‍ നേരിടേണ്ടിവന്ന ഭീഷണികള്‍ എവര്‍ക്കും അറിയാം.

ദളിതരുടെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് പരിഹരിക്കുമെന്ന് കരുതിയവരുണ്ട്. എന്നാല്‍, പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ചിട്ടും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍വന്നതോടെ ദളിതരുടെ ജീവിതം കൂടുതല്‍ കഷ്ടത്തിലായി. ദളിതരോട് അവര്‍ കാട്ടുന്ന വേര്‍തിരിവിന്റെ ഉദാഹരണമാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റുകള്‍. ഇത്തരം ജനവിഭാഗങ്ങള്‍ക്ക് പ്രത്യേകം പദ്ധതികളൊന്നും വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. സംവരണം അവസാനിപ്പിക്കണമെന്നത് ആര്‍എസ്എസിന്റെ പ്രഖ്യാപിതനയമാണ്.

അതേസമയം സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നത് ജാതിവ്യവസ്ഥയാണെന്ന് കാള്‍ മാര്‍ക്സ് മൂലധനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. അതാണ് കമ്യൂണിസ്റ്റുകളുടെ പ്രഖ്യാപിതനയം. അതുകൊണ്ടാണ് സംഘപരിവാര്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത്.

കേരളത്തില്‍ നവോത്ഥാന പോരാട്ടങ്ങള്‍ ഏറ്റെടുത്തതുകൊണ്ടാണ് 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ദളിതരെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പൂജാരികളാക്കി നിയമിച്ചതിലൂടെ പെരിയാര്‍ രാമസ്വാമിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കേരളത്തിലെ ഇടത് സര്‍ക്കാരിനു കഴിഞ്ഞു. കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളും ദളിതര്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel