നവംബർ 7; പ്രതീകംപോലെ ഒരു തീയതി

1917 നവംബർ 7, 1991 ഡിസംബർ 25 – ലോക കലണ്ടറിലെ രണ്ടു ദിവസങ്ങളാണത്; സോവിയറ്റ് യൂണിയൻ പിറന്നതിന്റെയും പിരിഞ്ഞതിന്റെയും.

നവംബർ 7 ആചരിക്കപ്പെടുന്നു; ഡിസംബർ ഇരുപത്തിയഞ്ചോ ആഘോഷിക്കാനാളില്ലാത്ത ദിവസമായി മരിച്ചിരിക്കുന്നു.

നവംബർ 7 – ചെമ്പട വിന്റർ പാലസിലേയ്ക്ക് മാർച്ച് ചെയ്ത ദിവസം. ചക്രവർത്തിമാർ പു‍ഴുക്കളായിക്കണ്ട പ്രജകളെ, “റഷ്യയിലെ പൗരന്മാരേ” എന്ന് മഹാനായ ലെനിനും ചരിത്രവും വിളിച്ച ദിവസം.

അന്നേയ്ക്കു 46 കൊല്ലം മുമ്പ് പാരീസ് കമ്യൂൺ എന്ന പരാജിതവിപ്ലവം മു‍ഴക്കിയ, “ഉണരുവിൻ പട്ടിണിയുടെ ബന്ദികളേ നിങ്ങൾ” എന്ന വിപ്ലവഗാനം വിജയികളുടെ ചുണ്ടുകൾ വീണ്ടുമുയർത്തിയ ദിവസം.

നവംബർ 7 ഒരു പ്രതീകമാണ്. നിസ്വവർഗ്ഗത്തിന്റെ ആദ്യ വിജയം. പട്ടിണിയും ചൂഷണവുമില്ലാതെ മനുഷ്യരാശിക്കു ജീവിക്കാൻ ക‍ഴിയുമെന്ന്തെളിഞ്ഞ ദിനം. ആയിരത്താണ്ടുകളുടെ കണ്ണീരിന്റെയും ചോരയുടെയും കടം വീട്ടിയ ദിവസം.

ചൂഷിതരുടെ വാഗ്ദാനവും പ്രതീക്ഷയുമാണ് നവംബർ 7. വലിയവിപ്ലവത്തിന്റെ തിരുനാൾ. നവംബർ 7-നെ ലോകമെമ്പാടുമുള്ള പാവങ്ങൾ ഉറ്റുനോക്കുന്നു. അവർ വിശ്വസിക്കുന്നു – എല്ലാ ദുഷ്ചക്രവർത്തിമാരും ഒരിക്കൽ തോറ്റു മടങ്ങും, ദുരധികാരത്തിന്റെ ശീതക്കൊട്ടാരങ്ങളെല്ലാം ഒരുനാൾ ജനതകൾക്കു കീ‍ഴടങ്ങും,

നൂറ്റിയൊന്നാമത്തെ നവംബർ ഏ‍ഴ് കടന്നുപോകുന്നു — റെഡ് സല്യൂട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here