ഗെയില്‍ സമരം അവസാനിച്ചേക്കും; സമരസമിതിയുടെ തീരുമാനം ഇന്നുണ്ടാകും; പൈപ്പ് ലൈന്‍ കടന്നു പോകുന്ന പഞ്ചായത്തുകള്‍ കളക്ടര്‍ സന്ദര്‍ശിക്കും

കോഴിക്കോട്: ഗെയ്ല്‍ വിരുദ്ധസമരങ്ങള്‍ അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ പൂര്‍ണ വിജയത്തിലേക്ക്. ഗെയില്‍ വിഷയത്തില്‍ ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം ആശങ്കകള്‍ ഏറെക്കുറെ പരിഹരിച്ചിരുന്നു.

ഗെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റുമെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ തന്നെ വ്യക്തമാക്കിയിരുന്നു. വീട് നഷ്ടമാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്നും സര്‍വ്വകക്ഷിയോഗത്തിന് ശേഷം മന്ത്രി അറിയിച്ചിരുന്നു.

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിക്കുമെന്നും സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊളളുമെന്നും മന്ത്രി മൊയ്തീന്‍ പറഞ്ഞു. ഭൂമി വില ഉയര്‍ത്തുന്ന കാര്യം ഗെയിലുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുക്കം എരഞ്ഞിമാവില്‍ സംഘര്‍ഷമുണ്ടായത് തെറ്റിദ്ധാരണയുടെ പുറത്താണ്. ചില സംഘടനകള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുന്നുണ്ട്. പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം ഗെയില്‍ വിരുദ്ധസമരം ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സമരം തുടരണോയെന്ന കാര്യത്തില്‍ സമരസമിതിയുടെ തീരുമാനം ഇന്നറിയാം.

വൈകുന്നേരം ആറു മണിക്ക് എരഞ്ഞിമാവില്‍ ചേരുന്ന യോഗത്തില്‍ നിലപാട് തീരുമാനിക്കും. സമരസമിതിയുടെ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച സാഹചര്യത്തില്‍ ഇനിയും സമരം തുടരണമോയെന്ന് സമിതിയില്‍ ഒരു വിഭാഗം ചോദിക്കുന്നുണ്ട്.

അതേസമയം വ്യവസായമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പൈപ്പ് ലൈന്‍ കടന്നു പോകുന്ന പഞ്ചായത്തുകള്‍ കളക്ടര്‍ ഇന്ന് സന്ദര്‍ശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News