പിറന്നാള്‍ ആഘോഷങ്ങളില്ല; പ്രളയം തകര്‍ത്ത തമിഴ്മക്കള്‍ക്കൊപ്പം കമല്‍

ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ വിസ്മയമായ നടന്‍ കമല്‍ഹാസന് ഇന്ന് അറുപത്തി മൂന്നാം പിറന്നാള്‍. സാധാരണഗതിയില്‍ പിറന്നാളാഘോഷം വിപുലമായി നടത്താത്ത കമലിനെ സംബന്ധിച്ചടുത്തോളം ഏറെ നിര്‍ണായകമാണ് ഇത്തവണത്തെ പിറന്നാള്‍ ദിനം.

ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാത്ത പിറന്നാളാകും ഇക്കുറിയെന്ന് ഉലകനായകന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയം തകര്‍ത്ത തമിഴ്മക്കള്‍ക്കൊപ്പം ചെലവഴിക്കാനാണ് താരത്തിന്റെ തീരുമാനം. അതിനായി കമല്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

ആഘോഷങ്ങള്‍ക്കു പകരമായി അവതിയില്‍ ഫാന്‍സ് അസോസിയേഷന്‍ നടത്തുന്ന മെഡിക്കല്‍ ക്യാംപ് സന്ദര്‍ശിക്കുമെന്ന് കമലിനോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പതിവിലേറെ കലുഷിതമായ സാഹചര്യങ്ങളിലൂടെയാണ് കമല്‍ കടന്നുപോകുന്നത്.

രാഷ്ട്രീയ രംഗത്ത് ചുവടുവയ്ക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ ഉലകനായകന്റെ പാര്‍ട്ടി പ്രഖ്യാപനമടക്കമുള്ള നിര്‍ണായ തീരുമാനങ്ങല്‍ ഇന്നുണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയം. ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനും സംവദിയ്ക്കാനുമുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ കമല്‍ ഇന്ന് പുറത്തിറക്കും.

ഹിന്ദുതീവ്രവാദവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരാമര്‍ശം ഇന്ത്യന്‍ രാഷ്ട്രീയലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. കമലിന്റെ പ്രസ്താവനയില്‍ കലിപൂണ്ട സംഘപരിവാര്‍ ശക്തികള്‍ അദ്ദേഹത്തെ വെടിവെച്ച് കൊല്ലണമെന്ന ആക്രോശം മുഴക്കിയിരിക്കുകയാണ്.

തമിഴകത്തെ ഭരണകൂടം ബിജെപിയുടെ കളിപ്പാവയായി മാറിപ്പോയെന്ന വിമര്‍ശനത്തോടെയാണ് കമല്‍ രാഷ്ട്രീയ ഇടപെടല്‍ സജീവമാക്കിയത്. ഇന്ന് പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെയും സംഘപരിവാര്‍ ശക്തികളുടെയും കടുത്ത വിമര്‍ശകന്‍ കൂടിയാണ് അദ്ദേഹം.

രാജ്യത്തെ മതനിരപേക്ഷ ശക്തികള്‍ കമലിന്റെ രാഷ്ട്രീയ പ്രവേശനത്തെ ഹൃദയപൂര്‍വ്വം സ്വീകരിക്കുകയാണ്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് കമലിന്റെ സാന്നിധ്യം കരുത്താകുമെന്ന പ്രതീക്ഷയിലാണവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News