സാമ്പത്തിക പ്രതിസന്ധിക്കിടയിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടികള്‍ മുടക്കി കാറുകള്‍ വാങ്ങാന്‍ തീരുമാനം

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയില്‍. ജീവനക്കാരുടെ നവംബറിലെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ 20 കോടിയോളം രൂപ കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡ് ബുദ്ധിമുട്ടുന്നു. എന്നാല്‍ അര കോടിയോളം രൂപ മുടക്കി പുതിയ കാറുകള്‍ വാങ്ങാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുമുണ്ട്.

സാധാരണ ശബരിമല നട തുറക്കുമ്പോള്‍ അടുത്ത 12 മാസത്തേക്ക് ശമ്പളത്തിനും പെന്‍ഷനുമുള്ള തുക ബാങ്കില്‍ നിക്ഷേപിക്കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ തവണ 9 മാസത്തെക്കുള്ള തുക മാത്രമായിരുന്നു ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. ഇത് ഒക്ടോബര്‍ ആയതോടെ തീര്‍ന്നു. ഇതാണ് ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

എന്നാല്‍ തുക വകമാറ്റി ചിലവഴിച്ചതാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും അര കോടി രൂപ മുടക്കി പുതിയ കാറുകള്‍ വാങ്ങാന്‍ ദേവസ്വം അധികൃതര്‍ തീരുമാനിച്ചിട്ടുമുണ്ട്.

ഈ മാസം പകുതിയോടെ നട തുറക്കുമ്പോള്‍ ലഭിക്കുന്ന തുകകൊണ്ട് നവംബറിലെ ശമ്പളവും പെന്‍ഷനും കൊടുക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്. എന്നാല്‍ പതിവുപോലെ അടുത്ത 12 മാസത്തെക്കുള്ള തുക അപ്പോള്‍ എങ്ങനെ ബാങ്കില്‍ നിക്ഷേപിക്കുമെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here