നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ്; മുന്‍ മന്ത്രിയുടെ വിശ്വസ്തനെ തമിഴ്‌നാട് പൊലീസ് ചോദ്യംചെയ്തു; അന്വേഷണത്തില്‍ വന്‍ വഴിതിരിവ്

തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പില്‍ അന്വേഷണത്തില്‍ വഴിതിരിവ്. ബിനാമി ഇടപാടുകളുടെ വ്യക്തത വരുത്താന്‍ മുന്‍ മന്ത്രിയുടെ വിശ്വസ്ഥനെ തമിഴനാട് പോലീസ് ചോദ്യം ചെയ്തു. നിര്‍മ്മല്‍ കൃഷ്ണ ഒളിവില്‍ പോകും മുന്‍പ് മുന്‍ മന്ത്രിയുടെ വിശ്വസ്ഥനുമായി കൂടികാഴ്ച്ച നടന്നതായി തെളിവ് പൊലീസിന് ലഭിച്ചു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മുതിര്‍ന്ന നേതാവിന്റെ വിശ്വസ്തനായ ഹരികൃഷ്ണനെയാണ് നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന തമിഴ്‌നാട് കേരളാ സംഘങ്ങള്‍ ചോദ്യം ചെയ്തത്. രണ്ട് ദിവസം മുന്‍പ് കേരളാ അതിര്‍ത്തിയിലുളള ഒരു ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

ഇതിന് മുന്‍പ് കേരളാ പോലീസിലെ ക്രൈംബ്രാഞ്ച് സംഘവും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. മുന്‍ മന്ത്രി പ്രത്യേക താല്‍പര്യം എടുത്ത് ദേശീയ ആരോഗ്യമിഷനില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് ഉന്നത തസ്തികയില്‍ നിയമിച്ച വ്യക്തിയാണ് നെയ്യാറ്റിന്‍ക്കര സ്വദേശിയായ ഹരികൃഷ്ണന്‍.

ചിട്ടി തട്ടിപ്പിലെ പ്രധാന പ്രതി നിര്‍മ്മലന്‍ പാപ്പര്‍ ഹര്‍ജി നല്‍കി ഒളിവില്‍ പോകും മുന്‍പ് ഹരികൃഷ്ണനുമായി കൂടികാഴ്ച്ച നടത്തിയിരുന്നതായും ഇവര്‍ ഇരുവരും ഒന്നിച്ച് ചില വിദേശ യാത്രകള്‍ നടത്തിയിരന്നതായും പോലീസിന് ബോധ്യപ്പെട്ടു. നിര്‍മ്മലിന്റെ പേരിലുളള വസ്തുകള്‍ ഒളിവില്‍ പോകും മുന്‍പ് വാങ്ങിയ പ്രദീപ്, ഒഎ സനല്‍ എന്നീവരും ചോദ്യം ചെയ്യപ്പെട്ടവരില്‍ ഉള്‍പെടുന്നു.

തമിഴ്‌നാട് സര്‍ക്കാരിന്റെ പിആര്‍ഒ ആയി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഉണ്ണികൃഷ്ണന്‍ എന്നയാളെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മുല്ലപെരിയാര്‍ കേസിന്റെ ഫയലുകള്‍ ചോര്‍ത്തി എന്ന് ഇന്റലിജന്‍സ് മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയ വ്യക്തിയാണ് തമിഴ്‌നാട് പിആര്‍ഒ ഉണ്ണികൃഷ്ണന്‍.

നിര്‍മ്മലന്‍ കേരളത്തില്‍ നിന്ന് രക്ഷപെടും മുന്‍പ് ഇവര്‍ നാല് പേരുമാണ് നിരന്തരം കൂടികാഴ്ച്ചകള്‍ നടത്തിയിരുന്നതായും പോലീസിന്റെ നിഗമനം. അവസാനകാലത്ത് നിര്‍മ്മലന് താമസിക്കാന്‍ ഫാറ്റ് വാടകക്ക് നല്‍കിയ ഒരു വ്യവസായിയെ ചുറ്റി പറ്റിയും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഇയാള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന്റെ കല്ല് എത്തിക്കുന്ന ഏജന്റ് ആണ്. നിര്‍മ്മലന്റെ ഭാര്യയുടെ സഹോദരന്‍ മഹേഷിനെ ഇന്ന് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. അതിനിടെ നിര്‍മ്മലന്‍ ചിട്ടിതട്ടിപ്പില്‍ കേസ് നാളെ തിരുവനന്തപുരം കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here