തോമസ് ചാണ്ടിക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും

കൊച്ചി: തോമസ് ചാണ്ടിക്കെതിരായ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കയ്യേറ്റ കേസുകളില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് എന്താണെന്ന് കോടതി സര്‍ക്കാരിനോട് വാക്കാല്‍ ആരാഞ്ഞു.

എല്ലാവര്‍ക്കും തുല്യനീതി എന്നതാണ് കോടതിയുടെ നിലപാട് എന്നും ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ ആരുടെയും പേരിനല്ല പ്രാധാന്യമെന്നും, ആരുടെയും പേര് പരാമര്‍ശിക്കുന്നില്ലെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

തോമസ് ചാണ്ടിക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തിയോ എന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

മുന്‍പ് സമാന പരാതി ഉയര്‍ന്നപ്പോള്‍ ജില്ലാ കളക്ടര്‍ അന്വേഷിച്ച് തീര്‍പ്പാക്കിയ തായി തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തോമസ് ചാണ്ടി മന്ത്രിയായതിരെ തുടര്‍ന്നാണ് വീണ്ടും ഇത്തരം പരാതികള്‍ ഉന്നയിക്കുന്നതെന്നും, പരാതിയില്‍ കഴമ്പില്ലെന്നു മായിരുന്നു തോമസ് ചാണ്ടിയുടെ അഭിഭാഷകന്റെ വാദം. അപ്പോഴാണ്, മന്ത്രിയെന്നോ സാധാരണക്കാരനെന്നോ കോടതിക്ക് വ്യത്യാസമില്ലെന്ന് കോടതി വ്യക്തമാക്കിയത്.

കേസില്‍ ആരുടേയും പേരിനല്ല പ്രാധാന്യം. ആരുടേയും പേര് പരാമര്‍ശിക്കുന്നില്ലന്നും എല്ലാവരേയും ഒരു പോലെയാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

മന്ത്രിക്ക് പ്രത്യേക പരിഗണന കോടതിക്കുമുന്നില്‍ ഇല്ല. എല്ലാവര്‍ക്കും തുല്യനീതി എന്നതാണ് കോടതി നിലപാട്. കയ്യേറ്റ കേസുകളില്‍ പൊതു നിലപാട് എന്താണെന്നും കോടതി സര്‍ക്കാരിനോട് വാക്കാല്‍ ആരാഞ്ഞു. എല്ലാ കയ്യേറ്റ കേസുകളിലും സര്‍ക്കാരിന് ഒരേ നിലപാട് തന്നെയാണോ എന്നും കോടതി ചോദിച്ചു.

സമാനസ്വഭാവമുള്ള മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതിക്കു മുന്നിലുള്ള സാഹചര്യത്തില്‍ മൂന്ന് ഹര്‍ജികളും ഒരേ ബെഞ്ച് പരിഗണിക്കുന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. തോമസ് ചാണ്ടി നീര്‍ത്തട സംരക്ഷണ നിയമവും ഭൂസംരക്ഷണ നിയമം ലംഘിച്ചു എന്നാരോപിച്ച് തൃശൂര്‍ സ്വദേശിയാണ് പൊതുതാല്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

ഹര്‍ജി ഡിവിഷന്‍ ബഞ്ച് നാളെ വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News