റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് കമ്മീഷന്‍ പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം; കുറഞ്ഞത് പ്രതിമാസം 16,000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് കമ്മീഷന്‍ പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം.

ചില്ലറ വ്യാപാരികള്‍ക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000രൂപ ലഭിക്കും. ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാക്കേജ് അംഗീകരിച്ചത്. വിഴിഞ്ഞം മത്സ്യതൊഴിലാളികള്‍ക്ക് 27 കോടി രൂപയുടെ മണ്ണെണ്ണ പാക്കേജിനും മന്ത്രിസഭ അംഗീകാരം നല്‍കി.

സംസ്ഥാനത്തെ റേഷന്‍ ചില്ലറവ്യാപാരികള്‍ക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000 രൂപയാകും ഇനി കമ്മീഷന്‍ ലഭിക്കുക. ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാക്കേജ് മന്ത്രിസഭ അംഗീകരിച്ചത്. 207 കോടി രൂപയാണ് ഇതിലൂടെ സര്‍ക്കാരിന് അധിക ചെലവ് വരുന്നത്. ഇതില്‍ 44.59 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും.

അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുളളവരില്‍ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ കൈകാര്യ ചെലവ് ഈടാക്കിക്കൊണ്ടാണ് പാക്കേജ് നടപ്പാക്കുക. അതുവഴി 117.4 കോടി രൂപ സര്‍ക്കാര്‍ സമാഹരിക്കും.

റേഷന്‍ വ്യാപാരിക്ക് കമ്മീഷന്‍ നല്‍കുന്നത് വിറ്റഴിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് അടിസ്ഥാനമാക്കിയായിരിക്കും. 45 ക്വിന്റലോ അതില്‍ കുറവോ ഭക്ഷ്യധാന്യം എടുക്കുന്ന വ്യാപാരിക്ക് ക്വിന്റലിന് 220 രൂപ നിരക്കില്‍ കമ്മീഷനും സഹായധനമായി പരമാവധി 6100 രൂപയും കാര്‍ഡുകളുടെ എണ്ണവും ധാന്യത്തിന്റെ അളവും ഏകീകരിക്കുന്നതുവരെ ലഭ്യമാവും.

വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികള്‍ക്ക് 27 കോടി രൂപയുടെ മണ്ണെണ്ണ പാക്കേജിനും മന്ത്രിസഭ അംഗീകാരം നല്‍കി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണ കാലയളവായ രണ്ടുവര്‍ഷത്തേക്ക് മത്സ്യബന്ധന ബോട്ടുകള്‍ക്ക് മത്സ്യഫെഡ് മുഖേന മണ്ണെണ്ണ വിതരണം ചെയ്യുന്നതാണ് പാക്കേജ്.

തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ മരിച്ച ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ കുടുംബത്തിന് വിചാരണക്കോടതിയുടെ വിധിക്കു വിധേയമായി പത്തു ലക്ഷം രൂപ ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News