സുകുമാരക്കുറുപ്പ് സൗദിയില്‍; ഇസ്ലാംമതം സ്വീകരിച്ച കുറുപ്പ്, മദീനയിലെ പള്ളിയിലെ സഹായി

തിരുവനന്തപുരം: കേരളാ പൊലീസിന് തലവേദനയായി മാറിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പ്, മുസ്തഫ എന്ന പേരില്‍ മദീനയിലെ ഒരു മുസ്ലിം പള്ളിയിലാണെന്ന് പ്രമുഖ മലയാള ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും കേസ് ഭയന്ന് സൗദിയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ 72 വയസാണ് കുറുപ്പിനുള്ളത്.

സൗദിയിലെ അല്‍ഖസീമില്‍ കഴിഞ്ഞിരുന്ന കുറുപ്പ് കഴിഞ്ഞ മൂന്നുവര്‍ഷമായി മദീനയിലാണ് താമസം. സുകുമാരക്കുറുപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയോ ഉണ്ടെന്ന് കേരളാ പൊലീസിന് നേരത്തെ വിവരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് കുറുപ്പ് മദീനയിലുണ്ടെന്ന വ്യക്തമായ വിവരം ചില ബന്ധുക്കളില്‍നിന്ന് പൊലീസിന് ലഭിച്ചത്.

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് തന്റെ രൂപസാദൃശ്യമുള്ള ചാക്കോ എന്നയാളെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചെന്നാണ് കുറുപ്പിനെതിരായ കേസ്.

കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേരളാ പൊലീസിന്റെ പ്രത്യേകഅന്വേഷണസംഘം ഉടന്‍ സൗദിയിലേക്ക് പോകുമെന്നും സൂചനയുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here