മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഇനി എന്തുചെയ്യും; തട്ടാമുട്ട് ന്യായങ്ങളൊന്നും കേരളത്തില്‍ വിലപ്പോകില്ല; വി എസ്

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതിയും സ്ത്രീപീഡനവും അക്കമിട്ട് പറഞ്ഞ സാഹചര്യത്തില്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി നേരിട്ട് തന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് കോടിക്കണക്കിന് രൂപ നേരിട്ട് കൈപ്പറ്റി എന്നു തുടങ്ങി, അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിനു വേണ്ടി ഒരു സംരംഭകയോട് അവരുടെ ശരീരം പ്രതിഫലമായി വാങ്ങി എന്നതുവരെയുള്ള കണ്ടെത്തലുകളാണ് സോളാര്‍ കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഇത്തരം നിരവധി കണ്ടെത്തലുകളാണ് വിവിധ കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചും കമ്മീഷന്‍ നടത്തിയിട്ടുള്ളത്. ഇനിയും അവര്‍ക്ക് പൊതുപ്രവര്‍ത്തകര്‍ എന്ന ലേബലില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

ഈ സാഹചര്യത്തില്‍ ആരോപണവിധേയരായ എല്ലാ നേതാക്കളും ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് രാഷ്ട്രീയ മര്യാദ.

അതിനു പകരം ഇത്തരം കാര്യങ്ങള്‍ കമ്മീഷന്‍ അന്വേഷിച്ചത് പാതകമായിപ്പോയി എന്ന മട്ടിലുള്ള തട്ടാമുട്ട് ന്യായങ്ങള്‍ നിരത്തുന്നത് പ്രബുദ്ധകേരളത്തിന്റെ മുഖത്ത് തുപ്പുന്നതിന് തുല്യമാണ് വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here