ഏകീകൃത സിലബസ് നടപ്പാക്കി യോഗ വ്യാപകമാക്കണം; മുഖ്യമന്ത്രി പിണറായി

ഏകീകൃത സിലബസുണ്ടാക്കി യോഗ വ്യാപകമായി പരിശീലിപ്പിക്കാനുള്ള സൗകര്യം സംസ്ഥാനത്തുണ്ടാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യോഗ നടത്തിപ്പില്‍ കൂട്ടായ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ, വിദ്യാഭ്യാസ, തദ്ദേശസ്വയം ഭരണ, കായിക വകുപ്പുകള്‍ തമ്മില്‍ യോഗ പരിശീലനത്തില്‍ ഏകോപനമുണ്ടാക്കണം. യോഗ പരിശീലനകേന്ദ്രം സ്ഥാപിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍കൈയ്യെടുക്കണം. ഇവിടെവച്ച് സിലബസ് തയ്യാറാക്കി പിരിശീലകരെ പരിശീലിപ്പിച്ചെടുക്കാം.

നിലവില്‍ പരിശീലനം നേടിയവര്‍ക്ക് സിലബസ് മനസിലാക്കാനായി രണ്ടോ മൂന്നോ ദിവസത്തെ പരിശീലനം ഇവിടെ നല്‍കാവുന്നതാണ്. മറ്റുള്ളവര്‍ക്ക് ദീര്‍ഘകാല കോഴ്സും. പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന കാര്യവും ആലോചിക്കണം.

കുട്ടികള്‍ക്ക് ഉപയോഗ്യമായ ഒരു പരിശീലന പരിപാടി എസ്.സി.ആര്‍.ടി. മുഖേന ഉണ്ടാക്കിവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ആയുഷിന്‍റെ ഭാഗമായി യോഗ പരിശീലന കേന്ദ്രം സജീവമാവുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ആര്‍ദ്രം മിഷന്‍റെ ഭാഗമായുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി യോഗ സെന്‍റര്‍ തുടങ്ങും. ഇവിടങ്ങളില്‍ ആരോഗ്യ ശാസ്ത്രപരമായ ആധികാരികത ഉറപ്പുവരുത്താന്‍ ജില്ലകളില്‍ ഒരു ഡോക്ടര്‍ക്ക് ചുമതല നല്‍കും.

അതാത് സ്ഥലത്ത് ഡിസ്പെന്‍സറികളില്‍ ഡോക്ടര്‍മാര്‍ ഇതിന് നേതൃത്വം നല്‍കും. ആശാവര്‍ക്കര്‍മാര്‍ക്കും യോഗജീവനം എന്നപേരില്‍ ആയുഷ് വകുപ്പ് പരിശീലനം നല്‍കിവരുന്നുണ്ട്.

യോഗത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, എ.സി. മൊയ്തീന്‍, സി. രവീന്ദ്രനാഥ്, കെ.ടി. ജലീല്‍, ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, കായിക വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ഡയറക്ടര്‍ സഞ്ജയ്കുമാര്‍, ആയുഷ് ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News