ഇതാണ് സംഘികള്‍ പറഞ്ഞ ക്ഷേത്ര സ്നേഹം; ക്ഷേത്രത്തില്‍ മണ്ഡപം പണിയുന്നതിന് തടി വാങ്ങിയ വകയില്‍ ബിജെപി നേതാവ് വെട്ടിയത് 51 ലക്ഷം; ഗുരുതര ആരോപണങ്ങളുമായി ഭക്തജന സംഘം

പത്തനംതിട്ട: ബിജെപി സംസ്ഥാന സമിതി അംഗവും പത്തനംതിട്ട ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുമായ ടി. ആര്‍ അജിത്തിനെതിരെ കൂടുതല്‍ സാമ്പത്തിക ആരോപണങ്ങളുമായി തൃച്ഛേന്ദമംഗലം ഭക്തജന സംഘം രംഗത്ത്.

തൃച്ഛേന്ദമംഗലം മഹാദേവ ക്ഷേത്രത്തിലെ നമസ്‌ക്കാര മണ്ഡപം പണിയുന്നതിന് തടി വാങ്ങിയവകയില്‍ 51 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് അജിത് നടത്തിയത്.

ഇത് കൂടാതെ ഹവാല തട്ടിപ്പും അജിത് നടത്തിയിട്ടുണ്ടെന്ന് തൃച്ഛേന്ദമംഗലം ഭക്തജന സംഘം ഭാരവാഹികള്‍ പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അടൂര്‍ പെരിങ്ങനാടെ തൃച്ഛേന്ദമംഗലം മഹാദേവ ക്ഷേത്രത്തിലെ നമസ്‌ക്കാര മണ്ഡപം പണിയാന്‍ തടി വാങ്ങിയവകയില്‍ ബിജെപി സംസ്ഥാന സമിതി അംഗമായ ടി ആര്‍ അജിത് തട്ടിയത് 51 ലക്ഷമാണ്.

കോന്നി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മരം വാങ്ങുന്നതിന് പകരം പാലക്കാട് ലക്കിടിയില്‍ നിന്നുമാണ് മരം വാങ്ങിയത്. 410 ക്യുബിക് തടിയാണ് നമസ്‌ക്കാര മണ്ഡപ നിര്‍മാണത്തിന് അമ്പലത്തിലെത്തിയതെങ്കില്‍ കണക്കില്‍ അജിത് കുമാര്‍ രേഖപ്പെടുത്തിയത് 627 ക്യുബിക് തടിയെന്നാണ്.

തടിക്കുള്ള 30 ലക്ഷം രൂപ പാലക്കാടെ മില്ലുടമയുടെ അക്കൗണ്ടിലേക്ക് ഈ ട്രാന്‍സ്ഫര്‍ ചെയ്തുകൊടുത്തെന്നും അതിന് പുറമെ അമ്പലത്തിന്റെ അക്കൗണ്ടില്‍ നിന്നും 27ലക്ഷം രൂപയും തടി വാങ്ങിയവകയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും തൃച്ഛേന്ദമംഗലം ഭക്തജന സംഘം ഭാരവാഹികള്‍ പറഞ്ഞു. ഇതില്‍ ഹവാല ഇടപാടടക്കം ഇവര്‍ സംശയിക്കുന്നുണ്ട്.

പാലക്കാടെ മില്ലുടമയുടെ പേരൊ, ഫോണ്‍ നമ്പറോ ഒപ്പോ പോലും ക്ഷേത്രത്തില്‍ നല്‍കിയ ഒരു ബില്ലിലും ഇല്ല. അതുകൊണ്ടു തന്നെ മില്ലുടമ അജിത്തിന്റെ ബിനാമിയാണെന്നും ഇവര്‍ സംശയിക്കുന്നുണ്ട്.

വിവിധ സ്ഥലങ്ങളില്‍ നിന്നുമായി നിരവധി ഭക്തന്മാര്‍ ക്ഷേത്രത്തിലേക്ക് നല്‍കുന്ന തുക അജിത് തന്റെ അക്കൗണ്ടിലാണ് വാങ്ങിയിരുന്നതെന്നും അജിത് കുമാര്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് പൊലീസില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും പരാതി നല്‍കുമെന്നും തൃച്ഛേന്ദമംഗലം ഭക്തജന സംഘം ഭാരവാഹികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News