വിഎസ് ശിവകുമാറും നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ് കേസും പ്രതിയും തമ്മില്‍ അടുത്ത ബന്ധം; ശിവകുമാര്‍ എന്തിന് കനത്ത നഷ്ടത്തില്‍ ഭൂമി വിറ്റു? #PeopleInvestigation

തിരുവനന്തപുരം: മുന്‍ മന്ത്രി വിഎസ് ശിവകുമാറും നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ് കേസിലെ പ്രതി നിര്‍മ്മലനുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. ശിവകുമാറിന്റെ കുടുബ സ്വത്ത് നിര്‍മ്മലന്റെ ഭാര്യയുടെ അമ്മയുടെ പേരിലേക്ക് മാറ്റിയെഴുതിയതിന്റെ രേഖ പീപ്പിളിന് ലഭിച്ചു.

നിര്‍മ്മല്‍ ചിട്ടി തട്ടിപ്പില്‍ 14,000ലേറെ നിക്ഷേപകര്‍ക്ക് കോടികണക്കിന് രൂപ നഷ്ടം സംഭവിച്ച ഘട്ടത്തില്‍ ശിവകുമാര്‍ നിര്‍മ്മലനെ പറ്റി പറഞ്ഞത് ഇപ്രകാരം ആണ്: നാട്ടുകാരനെന്ന തരത്തില്‍ തനിക്ക് നിര്‍മ്മലനെ അറിയാം അതിനപ്പുറം വ്യക്തിപരമായ ബന്ധം താനും ,നിര്‍മ്മലനുമായി ഇല്ല. ഒരിടപാടും താനും നിര്‍മ്മലനുമായി നടത്തിയിട്ടില്ല. താന്‍ നിക്ഷേപകര്‍ക്ക് ഒപ്പം ആണ്. നിര്‍മ്മലനെ പിടിക്കണമെന്ന് താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശിവകുമാറിന്റെ വാക്കുകളില്‍ വലിയ പൊരുത്തകേടുകള്‍ ഉണ്ടെന്നും, വിഎസ് ശിവകുമാറിന്റെ കുടുംബവും നിര്‍മ്മലന്റെ കുടുംബവുമായി ആഴത്തില്‍ ബന്ധങ്ങള്‍ ഉണ്ടെന്നാണ് ലഭിച്ച വിവരം.

ഇതേ തുടര്‍ന്ന് ശിവകുമാറിന്റെ സ്വദേശമായ തമിഴ്‌നാട് പളുകളിലില്‍ പീപ്പിള്‍ വാര്‍ത്താസംഘം ചില അന്വേഷണങ്ങള്‍ നടത്തി. അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.

ശിവകുമാര്‍ കുടുംബത്തിന്റെ പേരിലുളള ഒരേക്കര്‍ മുപ്പത്തിമൂന്ന് സെന്റ് സ്ഥലം 2002 ല്‍ ഒക്ടോബര്‍ 7 തീയതി നിര്‍മ്മലന്റെ ഭാര്യ മാതാവായ ചന്ദ്രികാഭായിയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ട്. പളുകല്‍ സബ് രജിസ്ട്രാര്‍ ഒഫീസിലെ 1383/ 2002 എന്ന ഡോക്യൂമെന്റ് നമ്പരിലാണ് ഇടപാട് നടന്നിരിക്കുന്നത്.

വിഎസ് ശിവകുമാര്‍ പിതാവ് കെവി സദാശിവന്‍ നായര്‍, മക്കളായ ഹരികുമാര്‍, ജയകുമാര്‍, ഗോപകുമാര്‍, വിനോദ് കുമാര്‍ എന്നിവരാണ് വസ്തു കൈമാറ്റത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്.

ശിവകുമാര്‍ തിരുവനന്തപുരം പാര്‍ലമെന്റ് അംഗമായിരുന്നപ്പോഴായിരുന്നു ഇടപാട് നടന്നത്. 2,91,000 രൂപയാണ് ഇടപാടിന്റെ തുകയായി കാണിച്ചിരിക്കുന്നത്.  ഇത്രയും വിലയ്ക്ക് 1 ഏക്കര്‍ 33 സെന്റെ സ്ഥലം ലഭിക്കില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. അങ്ങനെയെങ്കില്‍ കനത്തനഷ്ടത്തിലാണ് ശിവകുമാറും കുടുംബവും ഭൂമി വിറ്റിരിക്കുന്നത്.

ഇതേ വസ്തു നിര്‍മ്മലന്റെ ഭാര്യയായ രേഖയുടെ പേരിലേക്ക് 2009 അമ്മ ചന്ദ്രികാഭായ് മാറ്റിയെഴുതിയിട്ടുണ്ട്. 1100 /2009 എന്ന ഡോക്യൂമെന്റിലാണ് ആ ഇടപാട് നടന്നിരിക്കുന്നത്.

ശിവകുമാറും നിര്‍മ്മലന്റെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് ഈ രേഖകള്‍ തെളിയിക്കുന്നത്. പണത്തിന് ആവശ്യം വന്നപ്പോള്‍ കുടുംബ സ്വത്ത് നിര്‍മ്മലന്റെ ഭാര്യ മാതാവിന് വിലയാധാരമായി കൊടുക്കുകയായിരുന്നുയെന്ന് വിഎസ് ശിവകുമാര്‍ പീപ്പിളിനോട് സമ്മതിച്ചു.

ചിട്ടി തട്ടിപ്പ് കേസിലെ പ്രതിയുമായി അടുത്ത ബന്ധം ഉണ്ടെന്ന് അറിയാമായിരുന്നിട്ടും ഒരു ജനപ്രതിനിധിയായ ശിവകുമാര്‍ ആ കാര്യം മറച്ച് വച്ചത് എന്തിനെന്നത് ദുരൂഹതയായി തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News