മെഡിക്കല്‍ കോഴ; ഭരണഘടന ബെഞ്ചിന് വിട്ട ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ദില്ലി: മെഡിക്കല്‍ കോളേജ് കോഴ കേസ് ഭരണഘടന ബെഞ്ചിന് വിട്ട ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

ജസ്റ്റിസ് ചെലമേശ്വരിന്റെയും ജസ്റ്റിസ് എ കെ സിക്രിയുടെയും ഉത്തരവുകളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസിന് അല്ലാതെ മറ്റൊരു ജഡ്ജിനും ഭരണഘടനാ ബഞ്ച് രൂപീകരിക്കാന്‍ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

മെഡിക്കല്‍ കോഴ കേസില്‍ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മെഡിക്കല്‍ കോളേജിന് പ്രവേശന അനുമതിക്കായി സുപ്രീം കോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് സിബിഐ റജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ട ഉത്തരവുകളാണ് റദ്ദാക്കിയത്.

ചീഫ് ജസ്റ്റിസിന് അല്ലാതെ ഭരണഘടന ബെഞ്ച് രൂപീകരിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ജഡ്ജിമാര്‍ എല്ലാവരും ഭരണഘടന ബഞ്ച് രൂപീകരിക്കാന്‍ തുടങ്ങിയാല്‍ സുപ്രീംകോടതിക്ക് പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു.

ആരോപണം നേരിടുന്ന ചീഫ് ജസ്റ്റിസ് കേസ് പരിഗണിക്കരുതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ആവശ്യപ്പെട്ടു. തന്റെ വാദം കേള്‍ക്കത്തില്‍ പ്രതിഷേധിച്ച് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ നിന്നും ഇറങ്ങി പോയി. പ്രശാന്ത് ഭൂഷന്റെ ആവശ്യം കോടതി അലക്ഷ്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട കേസുകള്‍ ഇനി ഉചിതമായ ബെഞ്ച് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്‌ന്റെ പ്രവേശന അനുമതി ലഭിക്കുന്നതിന് സുപ്രീംകോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here