ഹോട്ടല്‍ ഭക്ഷണത്തിന് നിരക്ക് കുറയും; ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ ധാരണ

ദില്ലി: ഹോട്ടലുകളിലെ ഭക്ഷണത്തിന് ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സിലില്‍ ധാരണ. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം ഉയര്‍ന്ന നികുതിയായ 28 ശതമാനം തുടരും.

നേരത്തെ എ.സി റസ്റ്ററന്റുകളില്‍ 18 ശതമാനവും നോണ്‍ എ.സി റസ്റ്ററന്റുകളില്‍ 12 ശതമാനവുമായിരുന്നു നികുതി. ഗുവാഹത്തിയില്‍ നടന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തിന് പിന്നാലെ കേന്ദ്രധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്.

ഹോട്ടലുകളിലെ ജിഎസ്ടി കുറയ്ക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു. നികുതി നിരക്കിലെ മാറ്റം ഈ മാസം പതിനഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും.

നേരത്തെ, 177 ഇനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18ശതമാനമായി കുറച്ചിരുന്നു. ചോക്ലേറ്റ്, ച്യൂയിംഗം, അലക്കുപൊടി, ആഫ്റ്റര്‍ഷേവ് ലോഷന്‍, മാര്‍ബിള്‍, ഷേവിംഗ് സ്‌പ്രെകള്‍, ഗ്രാനൈറ്റ്, മേക്കപ്പ് സാധനങ്ങള്‍, ഷാംപൂ എന്നിവയ്ക്കാണ് പ്രധാനമായും വില കുറയുന്നത്.

സിമന്റ്, പുകയില ഉല്‍പ്പന്നങ്ങള്‍, സിഗരറ്റ്, വാഷിംഗ് മെഷീന്‍, കോളുകള്‍, റഫ്രിജറേറ്റര്‍, എയര്‍കണ്ടീഷനര്‍ എന്നിവയുടെ നികുതി ഘടനയില്‍ മാറ്റമില്ല. 28 ശതമാനം ജിഎസ്ടിയില്‍ തന്നെ ഇവയെ നിലനിര്‍ത്തിയിരിക്കുകയാണ്.

50 ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം ഇനി ഉയര്‍ന്ന നികുതി നല്‍കിയാല്‍ മതിയാകും. 227 ഉത്പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബില്‍ ഉണ്ടായിരുന്നത്. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡിയാണ് യോഗത്തിനിടെ വിവരങ്ങള്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here