കേരളം കാണിച്ച മറ്റൊരു മാതൃക; ആര്‍ദ്രം പദ്ധതിയെപ്പറ്റി ഡോ. ബി. ഇക്ബാല്‍

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റതിനെതുടര്‍ന്ന് ഇന്ത്യക്കാകെ മാതൃക കാട്ടിക്കൊണ്ട് നിരവധി ജനകീയാരോഗ്യ പദ്ധതികള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാനും മെഡിക്കല്‍ കോളേജുകള്‍വരെ എല്ലാതലങ്ങളിലുമുള്ള സര്‍ക്കാര്‍ ആശുപത്രികളെ അടിസ്ഥാനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ആധുനികവല്‍ക്കരിച്ചും ജനസൌഹൃദമാക്കുന്നതിനുമായി നടപ്പാക്കിവരുന്ന ആര്‍ദ്രം പദ്ധതി ഇതിനകം അഖിലേന്ത്യാ ശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞു.

ഇപ്പോഴിതാ അപകടത്തില്‍ പരിക്കുപറ്റി ആശുപത്രികളിലെത്തുന്നവരുടെ 48 മണിക്കൂര്‍ നേരത്തെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന്  പ്രഖ്യാപിച്ച് മറ്റൊരു ജനകീയ പദ്ധതികൂടി കേരളം രാജ്യത്തിനുമുമ്പില്‍ അവതരിപ്പിച്ചു.

വാഹനാപകടത്തെതുടര്‍ന്ന് മരിക്കുന്നവരും ഗുരുതര പരിക്കുപറ്റുന്നവരും കേരളം നേരിടുന്ന വലിയൊരു പൊതുജനാരോഗ്യ പ്രശ്നമായി മാറിയിട്ടുണ്ട്. സംസ്ഥാനത്ത് വര്‍ഷംതോറും ശരാശരി 40,000 അപകടം സംഭവിക്കുകയും അതിന്റെ ഫലമായി 45,000 പേര്‍ക്ക് ഗുരുതര പരിക്കുപറ്റുകയും ഏതാണ്ട് 4200 പേര്‍ മരിക്കുകയും ചെയ്യുന്നു.

പരിക്കുപറ്റി ആശുപത്രികളിലെത്തുന്നവരെ ചികിത്സിക്കാന്‍ ആവശ്യമായ വിദഗ്ധ മനുഷ്യവിഭവശേഷിയിലും അടിസ്ഥാനസൌകര്യങ്ങളിലും കേരളത്തിലെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി മെച്ചപ്പെട്ടിട്ടുണ്ട്.

എന്നാല്‍, തമിഴ്നാട് സ്വദേശി മുരുകന്‍ വിവിധ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ട് സമീപകാലത്ത് മരിച്ച സംഭവം കേരളത്തിലെ അപകട ചികിത്സാസംവിധാനത്തിന്റെ അപാകതകളിലേക്ക് വിരല്‍ചൂണ്ടി. പലപ്പോഴും ചികിത്സയ്ക്കുള്ള ചെലവുവഹിക്കാന്‍ കഴിയാത്തവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഈ സാഹചര്യം ഒഴിവാക്കാനാണ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്നവര്‍ക്ക് പണമില്ലെന്ന പേരില്‍ ചികിത്സ നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാനായി കേരള സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

വാഹനാപകടത്തില്‍ പെട്ടവര്‍ക്ക് ചികിത്സ നല്‍കുന്നതുസംബന്ധിച്ച് സുപ്രീംകോടതി നിരവധി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അപകടത്തില്‍ പെടുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് പരമാനന്ദ ഖരെയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള 1988ലെ കേസില്‍ സുപ്രീംകോടതി വിധിച്ചു. എന്നാല്‍, ഈ വിധി നടപ്പാക്കാന്‍ സംസ്ഥാനങ്ങളൊന്നും ഇതുവരെ നടപടിയെടുത്തില്ല.

കേരളമാണ് ആദ്യമായി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ മുന്നോട്ടുവന്നത്. കേരള റോഡ് സുരക്ഷാ ഫണ്ട്, കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടിന്റെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് എന്നിവയും സര്‍ക്കാരിന്റെ ബജറ്റുവിഹിതവും ഉപയോഗിച്ചാണ് ചികിത്സാചെലവിനുള്ള പണം കണ്ടെത്തുക. പിന്നീട് അപകട ഇന്‍ഷുറന്‍സ് തുകയില്‍നിന്ന് ഇത് തിരിച്ചുപിടിക്കാനാകും.

കേരളം സുപ്രീംകോടതി വിധി നടപ്പാക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് മറ്റ് സംസ്ഥാനങ്ങള്‍ക്കും കേരളത്തെ പിന്തുടരേണ്ടിവരും. അങ്ങനെ രാജ്യത്താകെ പ്രതികരണം സൃഷ്ടിക്കാന്‍ പോകുന്ന ചരിത്രപ്രധാന തീരുമാനമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

റോഡപകടത്തില്‍ പരിക്കേറ്റവരെ പ്രാരംഭഘട്ടംമുതല്‍ പരിചരിക്കുന്നതിനും ഗുരുതരാവസ്ഥ ഒഴിവാക്കുന്നതിനുമുള്ള മറ്റു നിരവധി കര്‍മപരിപാടിയും ആരോഗ്യവകുപ്പ് നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ അപകട ചികിത്സാസംവിധാനം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാരിനുമുന്നിലുള്ള രണ്ട് സുപ്രധാന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള പ്രാരംഭപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

മൂന്നുതലങ്ങളിലായി തെരഞ്ഞെടുത്ത മെഡിക്കല്‍ കോളേജ്, ജില്ല, താലൂക്ക് ആശുപത്രികളടക്കമുള്ള 35 ആശുപത്രിയിലെ ചികിത്സാസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള 120 കോടി മുതല്‍മുടക്കുള്ള പദ്ധതിയാണ് (സ്റ്റേറ്റ് ആക്ഷന്‍ പ്ളാന്‍ 2010 ടു 2020 ഫോര്‍ ഹെല്‍ത്ത് സിസ്റ്റംസ് സ്ട്രെങ്തനിങ് ഫോര്‍ ട്രോമാകെയര്‍) ഇതില്‍  ആദ്യത്തേത്.

അപകടസാധ്യത കൂടുതലുള്ള 315 കേന്ദ്രങ്ങളില്‍ സുസജ്ജമായ ആംബുലന്‍സ് സംവിധാനം വിന്യസിക്കുന്നതിനുള്ള 50 കോടി പ്രാരംഭചെലവും 46 കോടി രൂപ ആവര്‍ത്തനചെലവുമുള്ള പദ്ധതിയാണ് (പ്രോജക്ട് പ്രൊപ്പോസല്‍ ഫോര്‍ സ്ട്രെങ്തനിങ് എമര്‍ജന്‍സി റസ്പോണ്‍സ് സിസ്റ്റം ഇന്‍ ദി സ്റ്റേറ്റ് 2016) രണ്ടാമത്തേത്. ഈ രണ്ടു പദ്ധതിയും നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിച്ചുവരികയാണ്.

സര്‍ക്കാര്‍മേഖലയിലാണെങ്കിലും സ്വകാര്യമേഖലയിലാണെങ്കിലും ആശുപത്രികളിലെ ദുര്‍ബലമായ കണ്ണി അടിയന്തരചികിത്സ നല്‍കേണ്ട കാഷ്വാലിറ്റി സര്‍വീസാണ്. പല വികസിത രാജ്യങ്ങളിലും അപകടത്തില്‍ പരിക്കുപറ്റുന്നവരെ ചികിത്സിക്കുന്നതിനായി പ്രത്യേകമായി സജ്ജീകരിച്ച എമര്‍ജന്‍സി കെയര്‍ സംവിധാനമാണുള്ളത്.

അടിയന്തരഘട്ട ചികിത്സയില്‍ പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരും നേഴ്സുമാരുമാണ് ഇവിടെ രോഗികളെ പരിചരിക്കുന്നത്. നമ്മുടെ കാഷ്വാലിറ്റികളില്‍ ഇത്തരം സംവിധാനമില്ല. വിവിധ സ്പെഷ്യാലിറ്റികളിലുള്ള ഡോക്ടര്‍മാരാണ് കാഷ്വാലിറ്റിയിലുള്ളത്. അതിനാല്‍ പരിക്കുപറ്റിയ ഒരു രോഗി എത്തിയാല്‍ അതിവേഗത്തില്‍ കൃത്യമായ സേവനം നല്‍കുന്നതില്‍ പരാജയം സംഭവിക്കുന്നു.

എമര്‍ജന്‍സി കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, ട്രോമാകെയര്‍ തുടങ്ങിയ സ്പെഷ്യാലിറ്റികളില്‍ പ്രത്യേക കോഴ്സുകള്‍ മെഡിക്കല്‍ നേഴ്സിങ് മേഖലകളില്‍ ആരംഭിക്കാനും എമര്‍ജന്‍സി ഡിപ്പാര്‍ട്മെന്റുകള്‍ സ്ഥാപിച്ച് അപകടചികിത്സ കൂടുതല്‍ ചിട്ടപ്പെടുത്തി ഫലവത്താക്കാനും ശ്രമിക്കേണ്ടതുണ്ട്.

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധരുടെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി കെയര്‍ സംവിധാനം ആരംഭിക്കാനുള്ള നടപടി ആരംഭിച്ചു.

പരിക്കുപറ്റിയവര്‍ക്ക് ചികിത്സ നല്‍കിയാല്‍തന്നെ പിന്നീടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള വേണ്ടത്ര സൌകര്യങ്ങളും നമുക്കില്ല. അപകടഘട്ടം തരണംചെയ്ത് ജീവന്‍ രക്ഷപ്പെടുത്തി കഴിഞ്ഞാല്‍ പലവിധത്തിലുള്ള ശാരീരിക മാനസിക വൈകല്യങ്ങള്‍ക്ക് ഇവര്‍ വിധേയരായെന്ന് വരാം.

ഇവരെ തിരികെ തൊഴില്‍മേഖലയിലേക്കും മറ്റും തിരികെ കൊണ്ടുവരുന്നതിനുള്ള പ്രത്യേകപരിചരണം നല്‍കേണ്ടതുണ്ട്. ഇതെല്ലാം പരിശോധിച്ച് അപകട രോഗ പുനരധിവാസസൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയും ആരോഗ്യവകുപ്പ് തയ്യാറാക്കിവരികയാണ്.

ഗുരുതര അപകടം സംഭവിക്കുന്നവരില്‍ 45 ശതമാനവും മരണമടയുന്നത് ആദ്യത്തെ ഒരുമണിക്കൂറിലാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. സുവര്‍ണ മണിക്കൂര്‍ (ഗോള്‍ഡന്‍ അവര്‍)  എന്നാണ് ഈ സമയത്തെ വിശേഷിപ്പിക്കുക.

അപകടസ്ഥലത്തുതന്നെ അതിവേഗം സുസജ്ജമായ ആംബുലന്‍സ് എത്തിച്ചും രോഗികളെ ഉചിതമായ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റിയും വേണം മരണസാധ്യത കുറയ്ക്കാന്‍. ഇതിനായി ആംബുലന്‍സ് സംവിധാനം ശാസ്ത്രീയമായി സംവിധാനം ചെയ്യേണ്ടതുണ്ട്. കേരളത്തില്‍ ലഭ്യമായ ആംബുലന്‍സ് സംവിധാനങ്ങള്‍ ഒരു ശൃംഖലയില്‍ കോര്‍ത്തിണക്കി നെറ്റ്വര്‍ക്ക് ചെയ്ത് കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ട്.

ഇപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍, കേരള മെഡിക്കല്‍ സര്‍വീസസ് എമര്‍ജന്‍സി പ്രോജക്ടിന്റെ ഭാഗമായി തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ 43 ആംബുലന്‍സ് നെറ്റ്വര്‍ക്ക് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ മുഴുവന്‍ ആംബുലന്‍സും വിപുലമായ ഒരു നെറ്റ്വര്‍ക്കിന്റെ കീഴില്‍ കൊണ്ടുവരേണ്ടതാണ്.

അതോടൊപ്പം അപകട ചികിത്സാസംവിധാനങ്ങള്‍ ലഭ്യമായ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളെയും പരസ്പരം ബന്ധിപ്പിച്ചുള്ള ഒരു എമര്‍ജന്‍സി കെയര്‍ നെറ്റ്വര്‍ക്ക് രൂപീകരിക്കുന്നതും പരിഗണനയിലുണ്ട്. വിവിധ ആശുപത്രികളില്‍ ലഭ്യമായ ചികിത്സാസൌകര്യങ്ങളുടെ കൃത്യമായ വിവരശേഖരണവും ഇതിന്റെ ഭാഗമായി നടത്തുന്നതാണ്.

അപകടത്തില്‍ പരിക്കുപറ്റിയവരെ ചികിത്സിക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതോടൊപ്പം കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന വാഹനാപകടം കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടി മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്മെന്റും പൊലീസ്വകുപ്പും സ്വീകരിച്ചുവരുന്നുണ്ട്.

അമിതവേഗത്തിലോടുന്ന വാഹനങ്ങളും ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങളും കണ്ടുപിടിക്കാനും മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനും കുറ്റക്കാര്‍ക്ക് ഉചിതശിക്ഷ നല്‍കാനുമുള്ള നടപടി ശക്തിപ്പെടുത്തിയതോടെ ഈവര്‍ഷം ഇതുവരെ വാഹനാപകടത്തില്‍ കാര്യമായ കുറവ് കണ്ടുതുടങ്ങി. 2020ലെ സുസ്ഥിര വികസനലക്ഷ്യമനുസരിച്ച് ഐക്യരാഷ്ട്രസംഘടന നിര്‍ദേശിച്ചിട്ടുള്ളത് റോഡപകട മരണനിരക്ക് പകുതിയായി കുറയ്ക്കണമെന്നാണ്.

അതായത് കേരളത്തില്‍ അടുത്ത മൂന്നോ നാലോ വര്‍ഷംകൊണ്ട് ഇപ്പോള്‍ ശരാശരി പത്തുപേര്‍ ദിവസവും മരിക്കുന്നത് അഞ്ചാക്കി കുറയ്ക്കേണ്ടതാണ്. ഇടതുമുന്നണി ഭരണകാലത്തുതന്നെ ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News