പാര്‍ട്ടി സമ്മേളനത്തെയും കാരുണ്യപ്രവര്‍ത്തനത്തിന്റെ വേദിയാക്കി സിപിഐഎം; ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കാനൊരുങ്ങി എറണാകുളം ജില്ലാ കമ്മിറ്റി

കൊച്ചി: സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള 22 ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കും.

സംഘടനാ സമ്മേളനത്തെയും കാരുണ്യപ്രവര്‍ത്തനത്തിന്റെ വേദിയാക്കി മാറ്റി മാതൃക കാട്ടുകയാണ് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി. 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പശ്ചാത്തലത്തില്‍ 20 ഏരിയ കമ്മിറ്റികളിലായാണ് 22 വീടുകള്‍ നിര്‍മിച്ചുനല്‍കുന്നത്.

കേരള സര്‍ക്കാര്‍ എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പുവരുത്താനുള്ള ലൈഫ് പദ്ധതി നടപ്പാക്കുമ്പോള്‍ അതിനോടുള്ള ജനകീയ ഐക്യദാര്‍ഢ്യംകൂടിയായാണ് ഈ പരിപാടിയെന്ന് ജില്ലാ കമ്മിറ്റി അറിയിപ്പില്‍ പറഞ്ഞു.

ജില്ലാ സമ്മേളനത്തിനു മുമ്പായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി പാര്‍ട്ടി കോണ്‍ഗ്രസിനു മുമ്പായി വീടുകള്‍ കൈമാറാനാണ് തീരുമാനം.

ഇതിനുമുമ്പും ജില്ലയില്‍ സിപിഐഎമ്മും വര്‍ഗ, ബഹുജന സംഘടനകളും ഇത്തരത്തിലുള്ള മാതൃകാപ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തിയിരുന്നു. ജില്ലയില്‍ നടന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി 13 വീടുകള്‍ നിര്‍മിച്ചിരുന്നു. അതില്‍ 11 എണ്ണവും അര്‍ഹരായവര്‍ക്ക് കൈമാറി.

മറ്റ് രണ്ടെണ്ണം ഈ മാസം കൈമാറും. ഇതിനുപുറമെ പാര്‍ടി ഘടകങ്ങള്‍ പ്രാദേശികമായി മുന്‍കൈയെടുത്ത് എട്ടോളം വീടുകള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. കൂടാതെ സാന്ത്വനം പാലിയേറ്റീവ്് അടക്കമുള്ള പ്രവര്‍ത്തനങ്ങളും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ജനുവരി 16, 17, 18 തീയതികളില്‍ എറണാകുളം ടൗണ്‍ഹാളിലാണ് പ്രതിനിധിസമ്മേളനം. മറൈന്‍ഡ്രൈവില്‍ പൊതുസമ്മേളനം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here