പൂനെ യൂണിവേഴ്‌സിറ്റിയില്‍ ഗോള്‍ഡ് മെഡല്‍ ലഭിക്കണമെങ്കില്‍ സസ്യഭുക്കായിരിക്കണമെന്ന് നിബന്ധന; വിവാദസര്‍ക്കുലറിനെതിരെ പ്രതിഷേധം ശക്തം

പൂനെ: പൂനെ സാവിത്രി ഫുലെ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഗോള്‍ഡ് മെഡല്‍ ലഭിക്കണമെങ്കില്‍ സസ്യഭുക്കായിരിക്കണമെന്ന് നിബന്ധന. യോഗ മഹര്‍ഷി രാമചന്ദ്ര ഗോപാല്‍ ഷെലാറിന്റെ പേരിലുള്ള മെഡല്‍ നേടണമെങ്കിലാണ് ഈ വിവാദ നിബന്ധന.

മെഡലിന് അര്‍ഹതയുള്ളവര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നയാള്‍ ആയിരിക്കണമെന്നും സസ്യഭുക്കും മദ്യവിരോധിയുമായിരിക്കണമെന്ന് യൂണിവേഴ്‌സിറ്റി സര്‍ക്കുലറില്‍ പറയുന്നു.

സ്ഥിരമായി യോഗ ചെയ്യുന്ന ആളായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. രക്തദാനം നടത്തിയിട്ടുണ്ടാകണം. ഇന്ത്യന്‍ കായികവിനോദങ്ങളില്‍ പ്രാവീണ്യമുണ്ടാകണം തുടങ്ങിയ നിബന്ധനകള്‍ വേറെയുമുണ്ട്.

അതേസമയം, മെഡല്‍ നല്‍കുന്നത് യോഗ ഗുരുവിന്റെ കുടുംബ ട്രസ്റ്റായതിനാല്‍ തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് യൂണിവേഴ്‌സിറ്റിയുടെ വാദം. മുമ്പുതന്നെ പ്രസ്തുത സര്‍ക്കുലര്‍ നിലവിലുണ്ടെന്നും, അത് പുതുക്കുക മാത്രമാണ് ചെയ്തതെന്നും യൂണിവേഴ്‌സിറ്റി വക്താവ് പറഞ്ഞു.

ഒക്ടോബര്‍ 31നാണ് മെഡലിന് അപേക്ഷിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ മാസം പതിനഞ്ചാണ് അവസാനതീയതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here