ജോയ്‌സ് ജോര്‍ജ് എംപി കൈവശംവച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി; നടപടി ദേവികുളം സബ് കളക്ടറുടേത്

കൊച്ചി: ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ ഏഴ് പേരുടെ പട്ടയം ദേവികുളം സബ്കളക്ടര്‍ റദ്ദാക്കി. റദ്ദാക്കപ്പെട്ടവയില്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്ജിന്റെയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള ഭൂമിയുടെ പട്ടയവും ഉള്‍പ്പെടും.

പട്ടയവിതരണം നടപടിക്രമങ്ങള്‍ പാലിച്ചല്ല നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജോയ്‌സ് ജോര്‍ജിന് പിതൃസ്വത്തായി ലഭിച്ച ഭൂമിയാണിത്. സബ് കളക്ടറുടെ നടപടിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

പട്ടയം നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. രണ്ടായിരത്തില്‍ പിതാവ് പാലിയത്തു ജോര്‍ജ്ജ് വാങ്ങി 2006 ല്‍ജോയ്‌സ് ഉള്‍പ്പെടെയുള്ള മക്കള്‍ക്ക് നല്‍കിയ ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്.

കോണ്‍ഗ്രസ് നേതാവായ സഹോദരന്‍ ജോര്‍ജി ജോര്‍ജ് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോയ്‌സ് ഇടതു സ്വതന്ത്രനായി മത്സരിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കുകയും, യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പട്ടയവിതരണം നടപടിക്രമങ്ങള്‍ പാലിച്ചല്ല നടത്തിയത് എന്ന് വ്യക്തമായി. അന്വേഷണത്തിന്റെ ഭാഗമായി രേഖകള്‍ ഹാജരാക്കാന്‍ കൈവശക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഹാജരാക്കിയ രേഖകള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് സബ് കളക്ടറുടെ നടപടി. സബ് കളക്ടറുടെ നടപടിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.

ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടക്കാമ്പൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, മറയൂര്‍ വില്ലേജുകളിലായി മുപ്പതോളം പേര്‍ക്കെതിരെ സമാന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ വില്ലേജുകളിലെ തണ്ടപ്പേര് കണക്ക് പരിശോധിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News